അരിയിൽ ഷുക്കൂർ വധക്കേസ്: ജയരാജനും രാജേഷും നൽകിയ വിടുതൽ ഹർജി അടുത്ത മാസം പരി​ഗണിക്കും

news image
Jul 14, 2023, 9:19 am GMT+0000 payyolionline.in

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി  രാജേഷും നൽകിയ വിടുതൽ ഹർജി ഓഗസ്റ്റ് 21ന് എറണാകുളം സി.ബി.ഐ സ്പെഷ്യൽ കോടതി പരിഗണിക്കും. വിടുതൽ ഹർജിയെ എതിർത്ത് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ആത്തിക്കക്കയുടെ വാദങ്ങൾ കേൾക്കുന്നതിന് കേസ് ഓഗസ്റ്റ് 21ലേക്ക് മാറ്റിയത്. കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികൾ ഉണ്ടെന്നും  ജയരാജന്റെയും, ടി വി രാജേഷിൻ്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ അറിയിച്ചു.

കഴിഞ്ഞ വർഷം ഡിസംബറിൽ വീണ്ടും അരിയിൽ ഷുക്കൂർ വധക്കേസ് ചർച്ചയായിരുന്നു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്താന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടെന്ന ആരോപണവുമായി അഭിഭാഷകന്‍ ടി പി ഹരീന്ദ്രന്‍ രം​ഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിലെ കൊടുക്കല്‍ വാങ്ങലുകളുടെ ഭാഗമായിരുന്നു ഇടപെടലെന്നും ഹരീന്ദ്രൻ പറഞ്ഞിരുന്നു. ആരുടേയും കോളാമ്പിയല്ല. ആരുടേയും പ്രേരണയിലല്ല ആരോപണം ഉന്നയിച്ചത്. മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ് പി സുകുമാരന്‍ ആരോപണം നിഷേധിച്ചത് അദ്ദേഹത്തിന്‍റെ പരിമിതി മൂലമാണ്. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ ധാര്‍മികത കാണിച്ചില്ല. സിബിഐ കേസ് ഏറ്റെടുത്ത ശേഷമാണ് ശക്തമായ വകുപ്പുകള്‍ ചേര്‍ത്തത്. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ച് ഫേസ്ബുക്ക് കുറിപ്പിട്ടതിനുശേഷം കെ സുധാകരന്‍ വിളിച്ചു. അങ്ങിനെ പറയേണ്ടിയിരുന്നില്ല എന്ന് പറഞ്ഞു. എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്നും ഹരീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe