വടകര: അഴിയൂർ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മൂന്ന് തവണ പണം അപഹരിച്ച സംഭവത്തിൽ ഒരാൾ ചോമ്പാല പോലീസിന്റെ പിടിയിലായി. മട്ടന്നൂർ പേരോറ പുതിയ പുരയിൽ രാജീവൻ എന്ന സജീവൻ (44) ആണ് അറസ്റ്റിലായത്. ചോമ്പാൽ ബംഗ്ലാവിൽ ദേവസ്ഥാനം ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മൂന്ന് തവണയായി കവർന്ന് പണമെടുത്തത്. ഇയാളെ ക്ഷേത്രത്തിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനെത്തിയപ്പോള്‍ മോഷ്ടാവ് പൊലീസിനോട് പറഞ്ഞ പരാതി കേട്ട് നാട്ടുകാരും ചിരിയിലായി. ‘നാട്ടുകാര് ശരിയല്ലട്ടാ, ആരും പൈസ ഇടുന്നില്ല’ എന്നായിരുന്നു പൊലീസുകാരോട് കള്ളന്‍റെ പരാതി.
ആദ്യം കവർച്ച നടക്കുമ്പോൾ ക്ഷേത്രത്തിൽ സിസി ടിവി ഇല്ലായിരുന്നു പിന്നീടാണ് ഇത് സ്ഥാപിച്ചത് . സി സി ടി വി യിൽ പതിഞ്ഞ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാൾ കണ്ണൂർ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കളവ് കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. താനല്ല മോഷ്ടിച്ചതെന്നും മട്ടന്നൂരുകാരനായ താൻ ഭണ്ഡാരം മോഷ്ടിക്കാനായി ഇവിടെ വരെ വരുമോയെന്നും ഒരാളെ പോലെ ഏഴ് പേരില്ലേ എന്നെല്ലാം പ്രതി പൊലീസിനോട് ചോദിക്കുന്നുണ്ട്. ഇതിനിടെയിലാണ് കള്ളന്‍റെ പരാതിയെത്തിയതും. ഭണ്ഡാരത്തിൽ പണം കുറവാണെന്നും ‘നാട്ടുകാർ ശരിയല്ല, ആരും പൈസ ഇടുന്നില്ലെന്നുമായിരുന്നു’ സജീവന്‍റെ കമന്‍റ്. ഇത് നാട്ടുകാരിലും പൊലീസിലും ചിരിയുണർത്തി. ചോമ്പാല സി.ഐ.ബി.കെ സിജു, എസ്.ഐ രാജേഷ് , എസ്.പി യുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ വി. വി ഷാജി , പ്രമോദ്, സുമേഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.