സ്വർണ വില ദിനംപ്രതി സർവകാല റെക്കോർഡ് മറികടക്കുമ്പോൾ വിവാഹ ആവശ്യങ്ങൾ പോലെ വലിയ അളവ് സ്വർണം വാങ്ങേണ്ടവർക്ക് നെഞ്ചിൽ തീയാണ്. പവന് 63,000 രൂപയും കടക്കുമ്പോൾ അഞ്ച് പവൻ്റെ ആഭരണം വാങ്ങാൻ മാത്രം 3.50 ലക്ഷത്തിന് അടുത്ത് ചെലവ് വരും. സ്വർണ വില ഉയരുന്ന ഈ സാഹചര്യത്തിൽ പവന് 10,000 രൂപയോളം ലാഭമുണ്ടാക്കിയലോ? 18 കാരറ്റ് സ്വർണാഭരണങ്ങളിലേക്ക് മാറുകയാണ് മലയാളിയും.’
എന്താണ് 18 കാരറ്റ്
പൊതുവെ ആഭരണങ്ങൾക്ക് 22 കാരറ്റ് സ്വർണമാണ് ഉപയോഗിക്കുന്നത്.
അതായത് 91.6 ശതമാനം ശുദ്ധമായ സ്വർണമായിരിക്കും. 18 കാരറ്റ് സ്വർണത്തിൽ 75 ശതമാനമായിരിക്കും ശുദ്ധമായ സ്വർണത്തിൻ്റെ സാന്നിധ്യം.
ബാക്കി 25 ശതമാനം ചെമ്പ്, വെള്ളി മുതലായ ലോഹങ്ങളായിരിക്കും.
സ്വർണത്തിന്റെ അളവ് കുറയുന്നതിനാൽ വിലയിലും കുറവ് വരും.
വില വ്യത്യാസം
22 കാരറ്റ് സ്വർണത്തിന് പവന് 120 രൂപയാണ് ശനിയാഴ്‌ച വർധിച്ചത്. 63,560 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വർധിച്ച് 7,945 രൂപയിലുമെത്തി. കേരളത്തിലെ പുതിയ റെക്കോർഡാണ് ഈ വില. 18 കാരറ്റ് ഒരു പവന് 80 രൂപ വർധിച്ച് 52,008 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വർധിച്ച് 6,501 രൂപയിലുമെത്തി. 22 കാരറ്റുമായി താരതമ്യം ചെയ്യുമ്പോൾ 18 കാരറ്റ് സ്വർണത്തിന് ഒരു പവന് 11,552 രൂപയുടെ വ്യത്യാസമുണ്ട്.
മൊത്തത്തിൽ വില കുറയും
വിലയിൽ ലാഭമുള്ളതിനാൽ സ്വർണാഭരണം വാങ്ങുമ്പോൾ മൊത്തത്തിൽ ലാഭമുണ്ടാക്കാൻ സാധിക്കും. സ്വർണ വിലയുടെ ശതമാനക്കണക്കിലാണ് പണിക്കൂലി ഈടാക്കുക. സ്വർണത്തിൻ്റെ വിലയും പണിക്കൂലിയും അടക്കമുള്ള തുകയിലാണ് ജിഎസ്‌ടി ഈടാക്കുന്നത്. സ്വർണത്തിന്റെ വില കുറയുന്നതിനാൽ മൊത്തവിലയിൽ ഗണ്യമായ ലാഭം കിട്ടും.
ഡിമാന്റ് ഉയർന്നു
22 കാരറ്റിനേക്കാൾ മികച്ച ഡിസൈനുകൾ നിർമിക്കാൻ സാധിക്കുന്നത് 18 കാരറ്റിലാണ്. 18 കാരറ്റിൽ 25 ശതമാനം മറ്റു ലോഹങ്ങളുള്ളതിനാൽ ആഭരണം കൂടുതൽ ശക്തമായിരിക്കും. പെട്ടെന്നൊന്നും മോശമാകില്ല. സങ്കീർണമായ ഡിസൈനുകളും നിർമിക്കാനാകും.
2024 ൽ 18 കാരറ്റ് സ്വർണാഭരണളുടെ ഉപയോഗത്തിൽ വലിയ വർധന ഉണ്ടായി. 225 ടൺ 18 കാരറ്റ് സ്വർണാഭരണളാണ് ഇന്ത്യയിൽ കഴിഞ്ഞ വർഷം വിറ്റത്. 2023 ലെ 180 ടണ്ണിനെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വർധനയാണിത്. സാധാരണയായി വർഷത്തിൽ 500-550 ടണ്ണിൻ്റെ വാർഷിക ഉപയോഗമാണ് 22 കാരറ്റ് സ്വർണത്തിന്റെ കാര്യത്തിലുണ്ടാകാറുള്ളത്. ഏറ്റവും കൂടുതൽ സ്വർണ ഉപഭോഗമുള്ള ദക്ഷിണേന്ത്യയിലും ഇതേ ട്രെൻഡാണ്.