ന്യൂഡൽഹി: ഇ- കൊമേഴ്സ് കമ്പനി ആമസോണിൽ സീനിയർ മാനേജറായ യുവാവിനെ ഡൽഹിയിൽ അഞ്ചംഗ സംഘം വെടിവച്ച് കൊന്നു. സുഹൃത്ത് വെടിയേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുരയിൽ കഴിഞ്ഞ രാത്രി ഉണ്ടായ ആക്രമണത്തിൽ ഹർപ്രീത് ഗിൽ(36) ആണ് കൊല്ലപ്പെട്ടത്. വലതുചെവിയുടെ പിന്നിലൂടെ തുളച്ചുകയറിയ വെടിയുണ്ട തലയുടെ മറുവശം വഴി പുറത്തുപോയെന്ന് പൊലീസ് പറഞ്ഞു.
ബൈക്കിൽ ഗില്ലിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഗോവിന്ദ് സിങ്ങിനും തലയിലാണ് വെടിയേറ്റത്. സ്കൂട്ടറിലും ബൈക്കിലുമായി എത്തിയ അക്രമികൾ ഇവരെ തടഞ്ഞുനിർത്തി വെടി ഉതിർക്കുകയായിരുന്നു. വടക്കുകിഴക്കൻ ഡൽഹിയിൽ സജീവമായി പ്രവർത്തിക്കുന്ന അധോലോക സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്ന് ഡപ്യൂട്ടി പൊലീസ് കമീഷണർ ജോയ് ടിർക്കെ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് അക്രമികൾ അഞ്ചുപേരുണ്ടായിരുന്നെന്ന് വ്യക്തമായത്.