ആറ്റിങ്ങൽ സൂര്യ കൊലക്കേസ്; പ്രതി ഷിജു തുടര്‍വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു

news image
Dec 2, 2022, 5:36 am GMT+0000 payyolionline.in

തിരുവനന്തപുരം: ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ വിചാരണ നടപടി പൂർത്തിയാകാനിരിക്കെ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു (33) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക അസ്വസ്ഥതയുള്ളതിനാൽ ഷിജു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. വ്യാഴാഴ്ച വെളുപ്പിന് രണ്ടാം നിലയിലുള്ള മുറിയിലേക്ക് പോയ ഷിജുവിനെ പിന്നെ താഴേക്ക് കണ്ടില്ല. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് ഷിജുവിനെ മുറിയിലെ ഫാന്‍ തൂക്കാനുപയോഗിക്കുന്ന ക്ലിപ്പിൽ തൂങ്ങി നില്‍ക്കുന്നതായി കണ്ടത്. തുടര്‍ന്ന്  വീട്ടുകാർ വാതിൽ ചവിട്ടിത്തുറന്ന് ഷിജുവിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

 

2016 ജനുവരി 27 -ന് രാവിലെ 10 മണിയോടെ ആറ്റിങ്ങൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന്‍റെ സമീപത്തുള്ള ഇടവഴിയിൽ വച്ച് പിരപ്പൻകോട് സെയ്ന്‍റ് ജോൺസ് ആശുപത്രിയിലെ നഴ്സായിരുന്ന വെഞ്ഞാറമൂട് പാലാംകോണം സൂര്യ ഭവനിൽ ശശിധരന്‍റെ മകൾ സൂര്യ (26 യെയാണ് ഷിജു വെട്ടിക്കൊലപ്പെടുത്തിയത്. കേസിന്‍റെ ആദ്യത്തെ സാക്ഷിവിസ്താരം പൂർത്തിയായിരുന്നു. തുടർവാദങ്ങൾക്കായി അടുത്ത മാസത്തേക്ക് കേസ് മാറ്റിവച്ചിരുന്നു. ഇതിനിടെയാണ് ഷിജുവിന്‍റെ ആത്മഹത്യ.

കൊല്ലുന്നതിന് മുമ്പ് ഷിജു, സൂര്യയെ വിവാഹം കഴിച്ച് തരണമെന്ന് പറഞ്ഞ് സൂര്യയുടെ വീട്ടില്‍ ചെന്നിരുന്നു.വിവാഹാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് സൂര്യയുടെ കൊലപാതകത്തിൽ കലാശിച്ചത്. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയാണ് ഷിജു സൂര്യയുമായി പരിചയപ്പെട്ടത്. പരിചയപ്പെട്ട് മൂന്ന് മാസത്തിനുള്ളില്‍ ഇയാള്‍ വിവാഹാഭ്യർഥനയുമായി സൂര്യയുടെ വീട്ടിലെത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം അവിടെ നിന്നും രക്ഷപ്പെട്ട പ്രതി കൊല്ലത്ത് എത്തി ലോഡ്ജിൽ മുറിയെടുത്ത് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടർന്നാണ് ഇയാളെ പൊലീസ് പിടികൂടുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തത്. ജയിൽവാസത്തിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു ഷിജു. അടുത്തമാസം നടക്കാനിരിക്കുന്ന തുടര്‍ വിചാരണ നേരിടുന്നതിനിടെയാണ് പ്രതിയുടെ ആത്മഹത്യ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe