ആലപ്പുഴയിൽ പുള്ളിമാനിനെ ചത്ത നിലയിൽ കണ്ടെത്തി; മരണകാരണം വയറിലെ പ്ലാസ്റ്റിക്ക്

news image
Apr 4, 2023, 4:34 pm GMT+0000 payyolionline.in

ചാരുംമൂട്: പാലമേൽ ഗ്രാമ പഞ്ചായത്തിലെ പുലിക്കുന്ന് മലയുടെ അടിവാരത്ത് ഇന്ന് രാവിലെ പുള്ളിമാനിനെ ചത്ത് ജീർണ്ണിച്ചനിലയിൽ കണ്ടെത്തി. ജഡത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. പഞ്ചായത്തംഗം മിനി രാജു വിവരം അറിയിച്ചതോടെ പ്രസിഡന്‍റ് ബി വിനോദ് ഫോറസ്റ്റ് ഡിവിഷനുമായി ബന്ധപ്പെട്ടു. റാന്നി കരികുളം ഫോറസ്റ്റ് ഡിവിഷനിൽ നിന്നും ഉദ്യോഗസ്ഥരും പാലമേൽ പഞ്ചായത്ത് വെറ്റിനറി ഡോക്ടർ കെ എസ് ഷിബുവും സ്ഥലത്തെത്തി. പോസ്റ്റുമോർട്ടം നടത്തിയ ശേഷം ജഡം മറവു ചെയ്തു. 6 വയസ് പ്രായം തോന്നിക്കുന്ന ആൺ ഇനത്തിൽ പെട്ട മാനിന്‍റെ ഉദരത്തിൽ പ്ലാസ്റ്റിക്കിന്റെ അംശങ്ങൾ കണ്ടെത്തിയതായും ഇതാണ് മരണകാരണമെന്നും ഡോ. ഷിബു പറഞ്ഞു.

 

ജഡം ജീർണ്ണിച്ച അവസ്ഥയിലായതിനാൽ നാട്ടുകാരുടെ സഹായത്തോടെ സ്ഥലത്ത് തന്നെ മറവു ചെയ്തു. മാൻ ചത്തു കിടക്കുന്നതറിഞ്ഞ് ധാരാളം പേർ സ്ഥലത്ത് എത്തിയിരുന്നു. കഴിഞ്ഞ അഞ്ചു മാസത്തോളമായി ഇവിടെ മാനുകളെ കാണാറുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു. കാട്ടുപന്നികളുടെ ശല്യം ഏറെയുള്ള ഇവിടെ മ്ലാവ്, മുള്ളൻപന്നി, മയിൽ എന്നിവയെയും കാണാറുണ്ടെന്ന് ഇവർ പറഞ്ഞു. റാന്നി ഫോറസ്റ്റ് ഡിവിഷനിൽ പോലും ഇപ്പോൾ പുള്ളിമാനെ കാണാനില്ലാത്ത സാഹചര്യത്തിലാണ് വനപ്രദേശമല്ലാത്ത ഇവിടെ പുള്ളിമാനെ കണ്ടതെന്നും സ്ഥലത്തെത്തിയ വനപാലകരായ വി പി ഹണീഷ്, നിഖിൽ കൃഷ്ണൻ, എസ് ആർ രശ്മി, പി ആർ സജി എന്നിവർ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ്, പഞ്ചായത്തംഗം മിനി രാജു എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe