തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പിൽ പി എസ് സി ചെയർമാൻ എം ആർ ബൈജുവിന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ചൊവ്വാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണ സംഘം വീണ്ടും നോട്ടീസ് നൽകിയത്. പരീക്ഷാ കൺട്രോളർ ബിനി കെ എബ്രഹാമിൻ്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിരുന്നു.
ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ കോടതി ഉത്തരവിന് ശേഷമേ ഹാജരാകൂ എന്ന് ബൈജു നേരത്തെ മറുപടി നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി അന്വേഷണം തടയുകയോ ചോദ്യംചെയ്യൽ വിലക്കുകയോ ചെയ്തിട്ടില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകരുതെന്നാണ് ഹൈക്കോടതിയുടെ നിർദേശമെന്ന് വ്യക്തമാക്കിയാണ്, പി എസ് സി ചെയർമാന് വീണ്ടും ഹാജാരാകാൻ നോട്ടീസ് നൽകിയത്. നിർബന്ധമായും ഹാജരാകണമെന്നാണ് പുതിയ നോട്ടീസിലെ നിർദേശം. പി എസ് സി ചെയർമാൻ ഹാജരായില്ലെങ്കിൽ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
ചോദ്യം ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി
ആസൂത്രണ ബോർഡ് പരീക്ഷയിൽ 10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താത്തതിൽ തനിക്ക് പങ്കില്ലെന്നാണ് അഡീഷണൽ സെക്രട്ടറി ആർ ഹരി നൽകിയ മൊഴി. ചുമതല ഡെപ്യൂട്ടി സെക്രട്ടറി സതീഷിനായിരുന്നു. മൂല്യനിർണയം നടത്താതെ ചോദ്യങ്ങൾ ഒഴിവാക്കിയത് അറിഞ്ഞിരുന്നില്ലെന്നാണ് ഹരിയുടെ മൊഴി. അതേസമയം ഈ മൊഴി ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്തിട്ടില്ല. പി എസ് സി ചെയർമാൻ എം ആർ ബൈജുവിൻറെ ഏകപക്ഷീയമായ തീരുമാനങ്ങൾ ക്രമക്കേടുകൾക്ക് വഴിവച്ചു എന്നാണ് ക്രൈംബ്രാഞ്ചിൻറെ നിഗമനം. ചോദ്യങ്ങൾ തയ്യാറാക്കിയ പാനലിനെയും മൂല്യനിർണയം നടത്തുന്നവരെയും തീരുമാനിച്ചത് ചെയർമാൻ ആണെന്നാണ് പി എസ് സി അംഗങ്ങളുടെ മൊഴി. പി എസ് സി ചെയർമാൻറെ ഏകപക്ഷീയ ഇടപെടൽ ഉണ്ടായെന്നും അംഗങ്ങൾ മൊഴി നൽകി.
പി എസ് സി ചെയർമാൻ എം ആർ ബൈജു സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കുന്നതായി പി എസ് സി സെക്രട്ടറി മൊഴി നൽകിയിരുന്നു. എന്തെങ്കിലും വിവാദമുണ്ടായാൽ ഉദ്യോഗസ്ഥരെ പഴിക്കുന്നതാണ് പി എസ് സി ചെയർമാന്റെ രീതിയെന്നും പി എസ് സി സെക്രട്ടറി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലുണ്ട്. അഡീഷണൽ സെക്രട്ടറി ഹരിയും ചെയർമാനായ എം ആർ ബൈജുവും ചേർന്നാണ് തീരുമാനങ്ങളെടുക്കുന്നത്. ഒരു കൂടിയാലോചനകളുമില്ലാതെയാണ് ചെയർമാൻ തീരുമാനങ്ങളെടുക്കുക. എന്തെങ്കിലും വിവാദമുണ്ടായാൽ ഉദ്യോഗസ്ഥരെ പഴിചാരുമെന്നും സെക്രട്ടറി നൽകിയ മൊഴിയിലുണ്ട്.
