ആൾത്താമസമില്ലെങ്കിൽ നികുതിയില്ലെന്നത് മാറും; കൂടുതൽ വീടുകളുള്ളവർക്ക് പ്രത്യേക നികുതി

news image
Feb 5, 2023, 2:09 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ ഒരാളുടെ ഉടമസ്ഥതയിലുള്ള ഒന്നിലേറെ വീടുകൾക്കു സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പ്രത്യേക കെട്ടിട നികുതി ഈടാക്കാൻ കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങൾ ഭേദഗതി ചെയ്യും. ആൾത്താമസമില്ല എന്ന കാരണത്താൽ നികുതി ഒഴിവാക്കി നൽകിയിരുന്ന വ്യവസ്ഥ ഭേദഗതി വരുന്നതോടെ ഇല്ലാതാകും. ഇതിനു പുറമേ ഇത്തരം അധിക വീടുകൾക്കു പ്രത്യേക നിരക്കിൽ നികുതി ഈടാക്കാനും വ്യവസ്ഥ ചെയ്യും. ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ വിസ്തീർണവും കാലപ്പഴക്കവും അനുസരിച്ചാകും ഈ നികുതി. മറ്റു സംസ്ഥാനങ്ങളിലെ സമാന വ്യവസ്ഥകൾ കൂടി പഠിച്ച ശേഷമാകും നികുതി നിരക്ക് നിശ്ചയിക്കുന്നതും നിയമ ഭേദഗതി നടപ്പാക്കുന്നതും.തദ്ദേശ സ്ഥാപനങ്ങൾ വാർഷിക അടിസ്ഥാനത്തിൽ നിശ്ചയിക്കുന്ന കെട്ടിട നികുതി (വസ്തു നികുതി അഥവാ പ്രോപ്പർട്ടി ടാക്സ്) ഏപ്രിൽ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയും ഒക്ടോബർ ഒന്നു മുതൽ മാർച്ച് 31 വരെയും രണ്ട് അർധ വാർഷിക തവണകളായാണ് പിരിച്ചെടുക്കുന്നത്.

ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ ഉടമസ്ഥർ ഓരോ അർധ വാർഷികത്തിനും മുൻപ് അപേക്ഷ നൽകിയാൽ തദ്ദേശ സ്ഥാപനങ്ങളിലെ റവന്യു ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം, നികുതി പൂർണമായും ഒഴിവാക്കി നൽകുന്നതാണ് (നികുതി ഒഴിവ് അഥവാ വേക്കൻസി റെമിഷൻ) പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങളിലെ വ്യവസ്ഥ. സംസ്ഥാനത്ത് 18 ലക്ഷം വീടുകൾ അടഞ്ഞുകിടക്കുന്നതായാണ് തദ്ദേശ വകുപ്പിനു ലഭിച്ച ഏറ്റവും പുതിയ കണക്ക്. ഇതിൽ പുതിയ വീടുകളും ഒന്നിലേറെ വീടുകളുള്ള ഉടമസ്ഥരെയും കണ്ടെത്താൻ ഐടി അധിഷ്ഠിത മാർഗങ്ങൾ ഉൾപ്പെടെ തദ്ദേശ വകുപ്പും ഇൻഫർമേഷൻ കേരള മിഷനും ഒരുക്കിവരികയാണ്.

അതേസമയം, കെട്ടിടനികുതി ആകെ അടുത്ത സാമ്പത്തിക വർഷം മുതൽ 5% കൂട്ടാനാണ് തദ്ദേശ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ പ്ലാനിൽ നിന്നു വ്യത്യസ്തമായി കെട്ടിടങ്ങളിലെ അനുബന്ധ നിർമാണങ്ങൾ അളന്നു തിട്ടപ്പെടുത്തി ക്രമവൽക്കരിച്ചു നികുതി പരിഷ്കരിക്കുകയും ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe