ബലൂൺ യു.എസിലെത്തിയത് അബദ്ധത്തിൽ; വെടിവെച്ചിട്ടതിലൂടെ യു.എസ് കീഴ്വഴക്കങ്ങൾ ലംഘിച്ചുവെന്ന് ചൈന

news image
Feb 5, 2023, 2:12 am GMT+0000 payyolionline.in

ബെയ്ജിങ്: ചാരബലൂൺ വെടിവെച്ചിട്ടതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി ചൈന. യു.എസ് ബലൂൺ വെടിവെച്ചിട്ടതിൽ ശക്തമായ അതൃപ്തിയുണ്ടെന്ന് ചൈന അറിയിച്ചു. ഇക്കാര്യത്തിൽ ശക്തമായ തിരിച്ചടിയുണ്ടാവുമെന്നും ചൈന പ്രതികരിച്ചു.

യു.എസിന്റെ ഭാഗത്ത് നിന്നുണ്ടായത് അമിത പ്രതികരണമാണുണ്ടായതെന്നും ചൈന വ്യക്തമാക്കി. അന്തർദേശീയതലത്തിൽ നിലനിൽക്കുന്ന ചട്ടങ്ങളുടെ ലംഘനമാണ് യു.എസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ബലൂൺ അബദ്ധത്തിലാണ് യു.എസിലെത്തിയതെന്നും ചൈന അറിയിച്ചിരുന്നു.

ചൈനീസ് ചാരബലൂൺ യു.എസ് വെടിവെച്ചിട്ടിരുന്നു. അമേരിക്കയുടെ പ്രധാന സൈനിക കേന്ദ്രങ്ങളുടെ രഹസ്യം ചോർത്താനാണ് ചൈന ബലൂൺ അയച്ചതെന്ന് ആരോപണമുണ്ടായിരുന്നു. യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ബലൂണിനെ വീഴ്ത്തിയെന്ന് അമേരിക്കൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സമുദ്രത്തിലാണ് ബലൂൺ പതിച്ചത്.

ബലൂൺ വെടിവെച്ചിടുമ്പോൾ മൂന്നോളം എയർപോർട്ടുകൾ അടച്ചിടുകയും ഭാഗികമായി വ്യോമഗതാഗതത്തിന് നിരോധന​മേർപ്പെടുത്തുകയും ചെയ്തു. എഫ് 22 ജെറ്റ് ഫൈറ്ററാണ് ബലൂൺ വെടിവെച്ചിടാൻ ഉപയോഗിച്ചത്. യു.എസ് സമുദ്ര തീരത്ത് നിന്ന് ആറ് നോട്ടിക്കൽ മൈൽ അകലെയാണ് ബലൂൺ വീണത്. സൗത്ത് കരോലിനക്ക് സമീപമുള്ള സമുദ്രഭാഗത്താണ് ബലൂൺ പതിച്ചത്

ബലൂണിന്റെ അവിശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ യു.എസ് സൈന്യം ആരംഭിച്ചിട്ടുണ്ട്. ഇതിനായി രണ്ട് കപ്പലുകൾ തെരച്ചിൽ ആരംഭിച്ചു. ബലൂൺ വെടിവെച്ചിടാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡനുമേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. അവർ വിജയകരമായി ബലൂൺ വീഴ്ത്തിയെന്നായിരുന്നു ഇതുസംബന്ധിച്ച് ജോ ബൈഡൻ പ്രതികരിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe