ഇടുക്കിയിലെ അനുമോളുടെ മൃതദേഹം പുതപ്പിനുള്ളിൽ 3 ദിവസം; അവസാന സന്ദേശം മസ്ക്കത്തിലേക്ക്

news image
Mar 23, 2023, 3:07 am GMT+0000 payyolionline.in

കാഞ്ചിയാർ ∙ ”എന്റെ കുഞ്ഞ്, പൈങ്കിളി പോലായിരുന്നില്ലേ. എങ്ങനെ നടന്ന കുഞ്ഞാ, കൊന്നുകളഞ്ഞില്ലേ”. – അനുമോളുടെ ഇൻക്വസ്റ്റ് നടപടികൾ വീടിനുള്ളിൽ നടക്കുമ്പോൾ പുറത്തിരുന്നു വിലപിക്കുന്ന അമ്മ ഫിലോമിനയെ ആശ്വസിപ്പിക്കാൻ ഒപ്പം നിന്നവർക്ക് വാക്കുകൾ ഇല്ലായിരുന്നു.

21ന് വൈകിട്ട് ആറരയോടെ വീടിന്റെ കിടപ്പുമുറിയിൽ അനുമോളുടെ മൃതദേഹം കണ്ടെത്തിയെങ്കിലും ഇന്നലെ രാവിലെ 9.30നാണു സബ് കലക്ടർ അരുൺ എസ്.നായരുടെ സാന്നിധ്യത്തിൽ കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്മോൻ, എസ്എച്ച്ഒ വിശാൽ ജോൺസൺ, പ്രിൻസിപ്പൽ എസ്ഐ കെ.ദിലീപ്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്.

വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പുതപ്പിൽ പൊതിഞ്ഞ് കട്ടിലിന് അടിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകി ജീർണിച്ച നിലയിലായിരുന്നു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണു വിലയിരുത്തൽ. ശരീരം അഴുകിത്തുടങ്ങിയതിനാൽ മരണം സംഭവിച്ചത് എങ്ങനെയാണെന്ന് കൃത്യമായി കണ്ടെത്താൻ പ്രാഥമിക തെളിവെടുപ്പിൽ സാധിച്ചില്ല. ഉച്ചയോടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

അവസാന സന്ദേശം മസ്ക്കത്തിലേക്ക്

മസ്‌ക്കത്തിലുള്ള പിതൃസഹോദരി സലോമിക്കു വാട്‌സാപ്പിൽ അയച്ച ശബ്ദ സന്ദേശമാണ് അനുമോളുടേതായി അവസാനമായി ബന്ധുക്കൾക്കു ലഭിച്ച വിവരം. 17നു രാത്രി എട്ടോടെയായിരുന്നു ആ സന്ദേശം. മദ്യപിച്ചെത്തിയ ഭർത്താവ് മോശമായ രീതിയിൽ സംസാരിക്കുകയാണെന്നായിരുന്നു സന്ദേശം.

”എവിടെയെങ്കിലും പോയി പണി ചെയ്തു ജീവിക്കാനുള്ള കഴിവ് തനിക്കുണ്ട്. തന്റെ വീട്ടിലേക്ക് പോകണമെന്നൊന്നുമില്ല. ഏതെങ്കിലും മഠത്തിലെങ്കിലും പോയി നിൽക്കാൻ കഴിയുമല്ലോ. ഇതു ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണ്. ജീവിതം മടുത്തു. ഒരു മനുഷ്യനും കണ്ടുപിടിക്കാത്ത രീതിയിൽ എവിടേലും പോയി ജീവിക്കണം. പറയുന്നവർക്ക് എന്തും പറയാം, അനുഭവിക്കുന്നവർക്കല്ലേ അതിന്റെ ബുദ്ധിമുട്ട് അറിയുകയുള്ളൂ. പുറത്തുനിന്ന് നോക്കുന്നവർക്ക് ഒത്തുപോകണമെന്നും ഒന്നിച്ചു കഴിയണമെന്നുമൊക്കെ പറയാം. ഇനി എനിക്ക് അതൊന്നും വേണ്ട. ഒരു പുരുഷൻ കൂടെയുണ്ടെങ്കിലേ ജീവിക്കാൻ പറ്റുകയുള്ളെന്നൊന്നുമില്ലല്ലോ.” -ഈ സന്ദേശത്തിനുശേഷം അനുമോളുടെ മരണവിവരമാണു ദിവസങ്ങൾക്കുശേഷം പുറത്തു വന്നത്. വാട്സാപ്പിൽ സലോമി മറുപടി അയച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. പിന്നീട് അനുമോളുടെ ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു.

കള്ളം പറഞ്ഞ് വിജേഷ്

കുഞ്ഞിന് പനിയാണെങ്കിലും നഴ്‌സറിയിൽ വാർഷികമാണെന്ന് പറഞ്ഞ് അനുമോൾ ശനിയാഴ്ച രാവിലെ പോയെന്നാണു വിജേഷ് ബന്ധുക്കളോട് പറഞ്ഞത്. കുട്ടിയും അനുമോളും നഴ്‌സറിയിൽ എത്താത്തതിനെ തുടർന്ന് നഴ്സറി അധികൃതർ ബന്ധുക്കളെ വിളിച്ചപ്പോൾ കുഞ്ഞിനു പനിയായതിനാൽ ആശുപത്രിയിലാണെന്നു പറഞ്ഞു വിജേഷ് കുട്ടിയുമായി അവിടെ നിൽക്കുന്ന ചിത്രങ്ങൾ ബന്ധുവിന് അയച്ചു നൽകുകയും ചെയ്തു. ശനിയാഴ്ച വൈകിട്ടായിട്ടും അനുമോൾ വീട്ടിൽ എത്തിയില്ലെന്ന് ഇയാൾ യുവതിയുടെ ബന്ധുക്കളെ വിളിച്ചറിയിച്ചു. ഞായറാഴ്ച ഇവർ പേഴുംകണ്ടത്തെ വീട്ടിൽ എത്തിയെങ്കിലും അനുമോൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന നിലപാടിലായിരുന്നു വിജേഷ്. ഇതേ തുടർന്നാണു യുവതിയുടെ ബന്ധുക്കൾക്കൊപ്പം ഇയാളും പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയത്.

ചൊവ്വാഴ്ചയായിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകാതെ വന്നതോടെ സലോമിയുടെ മകൾ സിബിന പൊലീസ് സ്‌റ്റേഷനിലെത്തി. ഇതിനിടെ, മറ്റൊരാളുമായി അനുമോൾക്ക് ബന്ധം ഉണ്ടായിരുന്നെന്ന രീതിയിൽ വിജേഷ് തന്നോടു പറഞ്ഞിരുന്നെന്ന് സിബിന പറയുന്നു. കയ്യിൽ മോതിരവും ചെയിനുമെല്ലാം ഉള്ളതിനാൽ ഇറങ്ങിപ്പോകാനുള്ള സാധ്യതയുണ്ടെന്ന രീതിയിലും ഇയാൾ സംസാരിച്ചിരുന്നു. ഇക്കാര്യം സിബിന പൊലീസിനോടു പറഞ്ഞു. ആ രീതിയിലും അന്വേഷണം നടത്തിയെങ്കിലും അത്തരത്തിലൊരാൾ ഇല്ലെന്ന സൂചനയാണ് ലഭിച്ചതെന്ന് സിബിന പറയുന്നു. അതോടെ അപകടപ്പെടുത്തിയിരിക്കാമെന്ന സംശയമായി. വീട്ടിൽ എത്തിയശേഷം അനുമോളുടെ മാതാപിതാക്കളെ വിളിച്ചപ്പോഴേക്കും അവർ പേഴുംകണ്ടത്ത് വീട്ടിലെത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു.

പുതപ്പിനുള്ളിൽ 3 ദിവസം

കാഞ്ചിയാർ ∙ ഒൻപത് സെന്റ് സ്ഥലത്ത് രണ്ടു വീടുകൾക്കു നടുവിലുള്ള വീട്ടിൽ യുവതിയെ കൊലപ്പെടുത്തി പുതപ്പിനുള്ളിൽ പൊതിഞ്ഞ് കട്ടിലിന് അടിയിൽ വച്ചിരുന്നിട്ടും പുറംലോകമറിഞ്ഞത് മൂന്നു ദിവസത്തിനുശേഷം. കാഞ്ചിയാർ പള്ളിക്കവല-പേഴുംകവല റൂട്ടിൽ നിന്ന് കോൺക്രീറ്റ് റോഡിലൂടെ ഏതാനും മീറ്റർ ദൂരം കുത്തനെയുള്ള കയറ്റം കയറിയെത്തിയശേഷം ചെറിയൊരു ഇറക്കം ഇറങ്ങിയെത്തുന്ന ഭാഗത്തുള്ള വീട്ടിലാണ് വിജേഷും ഭാര്യ അനുമോളും മകളും അടങ്ങുന്ന കുടുംബം രണ്ടുവർഷമായി താമസിക്കുന്നത്. ഇവരുടെ വീടിനോടു തൊട്ടുചേർന്ന് രണ്ടു വീടുകൾ ഉണ്ടെങ്കിലും മരണം നടന്ന വിവരം ഈ രണ്ടു വീടുകളിൽ ഉള്ളവരും അറിഞ്ഞത് അനുമോളുടെ ബന്ധുക്കൾ എത്തി മൃതദേഹം കണ്ടെത്തിയശേഷം മാത്രമാണ്.

പള്ളിക്കവലയിലെ എഫ്‌സി കോൺവന്റ് ജ്യോതി നഴ്‌സറി സ്‌കൂളിലെ അധ്യാപികയായ അനുമോൾ സഹപ്രവർത്തകർക്കും കുട്ടികൾക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു. 18ന് നടന്ന വാർഷികാഘോഷത്തിനായുള്ള ഒരുക്കങ്ങൾക്ക് മുൻനിരയിൽ അനുമോൾ ഉണ്ടായിരുന്നു. ഭാര്യയും ഭർത്താവും തമ്മിൽ വീട്ടിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നെങ്കിലും കാര്യമായ വഴക്കുകൾ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe