വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി പ്രത്യേക ‘മോദി ജി താലി’തയാറാക്കി ന്യൂജേഴ്‌സി ആസ്ഥാനമായുള്ള ഒരു റെസ്റ്റോറന്‍റ്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ക്ഷണപ്രകാരം ഈ മാസമാണ് നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കുക. ഷെഫ് ശ്രീപദ് കുൽക്കർണി തയാറാക്കിയ മോദി ജി താലില്‍ ഇന്ത്യയിലെ വൈവിധ്യമാർന്ന വിഭവങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഖിച്ഡി, രസഗുള, ഇഡ്‌ലി, ധോക്‌ല, പപ്പടം തുടങ്ങിയവയാണ് മോദി ജി താലില്‍ ഉള്‍പ്പെടുന്നത്.
ഇന്ത്യന്‍ പതാകയുടെ നിറം അനുസ്മരിപ്പിക്കും വിധം കുങ്കുമം, പച്ച, വെള്ള നിറങ്ങളിലാണ് ഇഡ്‌ലി ഒരുക്കിയിരിക്കുന്നത്. ജൂൺ 21 ന് തുടങ്ങുന്ന മോദിയുടെ അമേരിക്കൻ സന്ദർശനം അതിപ്രധാനമാണ്. ഇന്ത്യയിൽ യുദ്ധവിമാന എഞ്ചിനുകൾ നിർമ്മിക്കുന്നതിനിടക്കമുള്ള കരാർ മോദിയുടെ യു എസ് സന്ദർശനത്തിൽ ഒപ്പവെച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്. അമേരിക്കൻ കമ്പനിയായ ജനറൽ ഇലക്ട്രിക് (ജി ഇ) ആകും ഇന്ത്യയിൽ യുദ്ധവിമാന എഞ്ചിനുകൾ നിർമ്മിക്കാനുള്ള കരാറിൽ ഒപ്പിടുകയെന്നാണ് വിവരങ്ങള്‍ പുറത്ത് വന്നത്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ദില്ലിയിൽ ഉഭയകക്ഷി പ്രതിരോധ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചക്കിടെ ഇന്ത്യയിൽ യുദ്ധവിമാന എഞ്ചിനുകൾ നിർമ്മിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ധാരണയായെന്നാണ് വിവരം. ഇന്ത്യക്കെതിരായ ചൈനയുടെ ആക്രമണാത്മക നടപടിയും പാക്കിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളും ജി ഇ കരാറുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയായെന്നാണ് അധികൃതർ നൽകുന്ന സൂചന.
ഒഹായോ ആസ്ഥാനമായുള്ള ജി ഇ കമ്പനിയുടെ ഉപസ്ഥാപനമായ ജി ഇ എയ്‌റോസ്‌പേസാകും ഇന്ത്യയിൽ യുദ്ധവിമാന എഞ്ചിൻ നിർമ്മിക്കുക. ഇതിനായുള്ള സാങ്കേതികവിദ്യയും ഇന്ത്യയിൽ വികസിപ്പിക്കും. അന്താരാഷ്ട്രതലത്തിലെ രാജ്യങ്ങളുടെ സഹകരണത്തിന്‍റെ ഭാഗമായാകും കരാറിൽ ഒപ്പിടുക. കോടിക്കണക്കിന് ഡോളറുകളുടെ കരാറാകും ഒപ്പിടുകയെന്നാണ് വിവരം. ജൂൺ 21 മുതൽ 24 വരെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദർശനത്തിനിടെയാകും കരാറിൽ ഒപ്പിടുകയെന്നാണ് റിപ്പോർട്ട്.