ന്യൂഡൽഹി: മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയെന്ന ആശയം ആക്രമിക്കപ്പെടുമ്പോൾ ’ഇന്ത്യ’ക്ക് നിശബദ്മായി ഇരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ഇന്ത്യയെന്ന പേരിൽ സഖ്യം രുപീകരിച്ചിരുന്നു.
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരായി നടത്തുന്നതിന്റെ വിഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനവും ഇടപെടലും ഇല്ലാത്തതാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചത്. ഇന്ത്യയെന്ന ആശയം ആക്രമിക്കപ്പെടുമ്പോൾ ഇന്ത്യക്ക് നിശബദ്മായി ഇരിക്കാനാവില്ലെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഞങ്ങൾ മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണ്. സമാധാനമാണ് സംസ്ഥാനത്ത് എപ്പോഴും പുലരേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
26 പാർട്ടികളാണ് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലുള്ള ഇന്ത്യ(INDIA) എന്ന സഖ്യത്തിലുള്ളത്. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണിയെ 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ നേരിടുകയാണ് സഖ്യത്തിന്റെ ലക്ഷ്യം.
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചിരുന്നു. മണിപ്പൂരിൽ നടക്കുന്ന സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം ഹൃദയം തകർക്കുന്നതാണെന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. സ്ത്രീകൾക്കെതിരായ ഈ ഭയാനകമായ അതിക്രമത്തെ എത്ര അപലപിച്ചാലും മതിയാകില്ല. സമൂഹത്തിൽ ഏറ്റവും കൂടുതൽ അക്രമങ്ങൾ ഏൽക്കേണ്ടി വരുന്നത് സ്ത്രീകൾക്കും കുട്ടികൾക്കുമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.