ഇന്ത്യയില്‍നിന്ന് കൂടുതല്‍ സര്‍വീസും ഓഫറുകളുമായി വിയറ്റ് ജെറ്റ്

news image
Sep 26, 2023, 3:51 am GMT+0000 payyolionline.in

കൊച്ചി: വിയറ്റ്നാമിലെ ഹനോയ് ആസ്ഥാനമായുള്ള സ്വകാര്യ വിമാനക്കമ്പനിയായ വിയറ്റ് ജെറ്റ് ഇന്ത്യയിൽനിന്ന് കൂടുതൽ സഞ്ചാരികളെ ലക്ഷ്യമിട്ട് ഓഫറുകളും   പുതിയ സർവീസുകളും പ്രഖ്യാപിച്ചു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വിയറ്റ്നാമിലേക്ക് 5555 രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് ലഭ്യമാക്കുന്നത്. ഡിസംബർ 31 വരെ ഈ ഓഫർ ലഭ്യമാകും.

കൊച്ചി, അഹമ്മദാബാദ്, മുംബൈ, ഡൽഹി സർവീസുകൾ വിജയകരമായതോടെ കൂടുതൽ ന​ഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽനിന്ന്‌ വിയറ്റ്നാമിലെ പ്രധാന വിനോദസഞ്ചാര, വാണിജ്യ കേന്ദ്രമായ ഹോ ചി മിൻ സിറ്റിയിലേക്ക് നവംബർ ആദ്യം സർവീസ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ആഴ്ചയിൽ മൂന്ന് സർവീസുകൾ (റൗണ്ട് ട്രിപ്) നടത്തും. ഇതോടെ ഇന്ത്യയിൽനിന്നുള്ള വിയറ്റ് ജെറ്റ് സർവീസുകളുടെ എണ്ണം 35 ആകും.
കൊച്ചിയിൽനിന്ന് ആഴ്ചയിൽ നാല് സർവീസാണ് ഹോ ചി മിൻ സിറ്റിയിലേക്കുള്ളത്. രാത്രി 11.50ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ പ്രാദേശിക സമയം 6.25ന് അവിടെയെത്തും. തിരിച്ച് രാത്രി 7.05ന് പുറപ്പെട്ട് രാത്രി 10.50ന് കൊച്ചിയിലെത്തും.

ഈ വർഷം ആദ്യ ആറു മാസത്തിനുള്ളിൽ മൂന്ന് ലക്ഷത്തിലധികംപേരാണ് ഇന്ത്യയിൽനിന്ന് വിയറ്റ്നാമിലേക്ക് യാത്ര ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് അഞ്ചിരട്ടിയാണ് വർധന. 2022–-23ൽ ഇന്ത്യ–-വിയറ്റ്നാം ഉഭയകക്ഷി വ്യാപാരം 147 കോടി ഡോളറിലെത്തി. ആസിയാൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ആകെ വ്യാപാരത്തിന്റെ 11.2 ശതമാനമാണിത്. സമുദ്രോൽപ്പന്നങ്ങൾ, കാർഷിക വിഭവങ്ങൾ, ഇരുമ്പ്, ഉരുക്ക്, ടെക്സ്റ്റൈൽ, ഫാർമ ഉൽപ്പന്നങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും വ്യാപാരം ചെയ്യുന്നത്. ഇരുരാജ്യങ്ങളിലെയും പ്രധാന വാണിജ്യ, വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ വിയറ്റ് ജെറ്റ് കണക്‌ഷൻ ഫ്ലൈറ്റ് സൗകര്യവും ഒരുക്കുന്നുണ്ട്.

ഓസ്ട്രേലിയയിലുള്ള ഇന്ത്യക്കാർക്കും പഠിക്കാൻ പോകുന്നവർക്കും കുറഞ്ഞ നിരക്കിലും സമയത്തിലും യാത്ര ചെയ്യാൻ കൊച്ചി ഉൾപ്പെടെയുള്ള ഇന്ത്യൻ ന​ഗരങ്ങളിൽനിന്ന് ഓസ്ട്രേലിയയിലേക്ക് സർവീസ് ആരംഭിക്കുമെന്നും കമ്പനി അധികൃതർ പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe