8 ജിപിയു സജ്ജീകരിച്ച, പൂർണമായും ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത ആദ്യ എഐ സെർവറിനെ ‘അടിപൊളി’യെന്ന പ്രശംസയോടെ സമൂഹമാധ്യമങ്ങളിൽ അവതരിപ്പിച്ച് കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ കൊച്ചിയിലാണ് 80 ശതമാനം ജോലികളും നടന്നതെന്ന് വിശദീകരിച്ചപ്പോഴാണ് ‘ഞാനൊരു മലയാളം വാക്ക് പറയട്ടെ അടിപൊളിയെന്ന്’ അദ്ദേഹം പ്രശംസിച്ചത്.
‘ഇന്ത്യയുടെ AI സെർവർ… വിവിഡിഎൻ ടെക്നോളജീസിന്റെ ‘അടിപൊളി’യെന്ന അടിക്കുറിപ്പോടെ മന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു. വിവിഡിഎൻ ടെക്നോളജീസിന്റെ ശ്രമങ്ങളെ പ്രശംസിച്ച മന്ത്രി, ‘മെയ്ക് ഇൻ ഇന്ത്യ’ സംരംഭത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ അവതരണമെന്ന് വിശേഷിപ്പിച്ചു.
ഇലക്ട്രോണിക്സ് മേഖലയിലെ നിർമ്മാണം 11 ലക്ഷം കോടിയിൽ നിന്ന് 14 ലക്ഷം കോടി രൂപയായി വർദ്ധിച്ചുവെന്നും ഇലക്ട്രോണിക്സ് മേഖലയിൽ ഏകദേശം 25 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.
8 ജിപിയു സെർവർ
8 ജിപിയു (ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റ്) ഉള്ള ഒരു എഐ സെർവർ എന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധമായ കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു കംപ്യൂട്ടർ സെർവറാണ്. ഇതിന് സാധാരണ സെർവറുകളേക്കാൾ കൂടുതൽ പ്രോസസിങ് ശേഷിയുണ്ടാകും. കാരണം ഇതിൽ 8 ഉയർന്ന ശേഷിയുള്ള ഗ്രാഫിക്സ് കാർഡുകൾ ഉണ്ടാകും.ടെക്‌നോളജിക്കൽ ആധിപത്യം നേടാനും, സുരക്ഷ ഉറപ്പാക്കാനും, ചെലവു കുറയ്ക്കാനും തദ്ദേശീയമായ ഇത്തരം എഐ സെർവറുകളുടെ നിർമാണം സഹായിക്കും.