കോഴിക്കോട്: കോഴിക്കോട് താമസിക്കുന്ന പാക് പൗരത്വമുള്ള മൂന്നുപേർക്ക് രാജ്യം വിടാൻ നോട്ടീസ്. ഒരു കൊയിലാണ്ടി സ്വദേശിക്കും വടകര സ്വദേശികളായ രണ്ട് പേർക്കുമാണ് നോട്ടീസ്. വ്യാപാരം, വിവാഹം ഉൾപ്പടെയുള്ള കാരണങ്ങളാൽ പാക് പൗരത്വം നേടിയ മലയാളികളാണ് മൂന്നുപേരും. മതിയായ രേഖകൾ ഇല്ലാതെ ഇന്ത്യയിൽ താമസിക്കുന്നതിനാൽ ഞായറാഴ്ചക്കുള്ളിൽ രാജ്യം വിട്ടുപോകണമെന്ന് കാണിച്ചാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.
കൊയിലാണ്ടിയിൽ താമസിക്കുന്ന ഹംസ,വടകര വൈക്കിലിശ്ശേരിയിൽ താമസിക്കുന്ന കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്. കറാച്ചിയിൽ കച്ചവടം നടത്തിയിരുന്ന ഇവരുടെ കുടുംബം പിതാവ് മരിച്ച ശേഷം 1993-ലാണ് കേരളത്തിൽ എത്തിയത്. കണ്ണൂരിൽ താമസിക്കുകയായിരുന്ന ഖമറുന്നീസ 2022-ലാണ് വടകരയിൽ എത്തിയത്. അസ്‌മ ചൊക്ലിയിലാണ് താമസം. 2024-ൽ വിസയുടെ കാലാവധി കഴിഞ്ഞതിനാൽ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് ഇരുവരും പറയുന്നത്.
കേരളത്തിൽ ജനിച്ച ഹംസ 1965ലാണ് തൊഴിൽ തേടി പാകിസ്‌താനിലേക്ക് പോയത്. കറാച്ചിയിൽ കട നടത്തിയിരുന്ന സഹോദരനൊപ്പമാണ് ഹംസ ജോലി ചെയ്തിരുന്നത്. ബംഗ്ലാദേശ് വിഭജനത്തിന് ശേഷം 1972ൽ നാട്ടിലേക്ക് വരാൻ പാസ്പോർട്ട് ആവശ്യമായി വന്നപ്പോളാണ് ഹംസ പാക് പൗരത്വം സ്വീകരിച്ചത്.