പയ്യോളി : ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ “ഛൗ” നൃത്തരൂപം സർഗാലയയിൽ അവതരിക്കുന്നു. ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ ഉത്സവങ്ങളുടെ ഭാഗമായി അവതരിപ്പിച്ചുവരുന്ന പരമ്പരാഗത കലാരൂപമായ ഛൗ, വലിയ തലപ്പാവുകളും വർണാഭമായ മുഖംമൂടികളും ഉപയോഗിക്കുന്നതിൽ പ്രത്യേകത പുലർത്തുന്നു.
ആയോധന ചാരുതയും ഊർജസ്വലമായ ചലനങ്ങളുമുള്ള ഈ നൃത്തത്തിൽ ഇതിഹാസങ്ങളും നാടോടിക്കഥകളും പുരാണങ്ങളും ഉൾപ്പെട്ട കാലാതീതമായ കഥകൾ അവതരിപ്പിക്കുന്നു. യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഇടം നേടിയ കലാരൂപമാണ് ഛൗ.ഫോക്‌ലാൻഡ് സംഘടിപ്പിക്കുന്ന “പവിഴോത്സവ് 2025”യുടെ ഭാഗമായി ഫോക്‌ലാൻഡിന്റെയും സർഗാലയയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടി ഒക്ടോബർ 12ന് വൈകുന്നേരം 5.30ന് സർഗാലയയിൽ അരങ്ങേറും. കലാസ്നേഹികളെയെല്ലാം പരിപാടിയിൽ പങ്കുചേരുവാൻ ഫോക്‌ലാൻഡ് സീനിയർ ജനറൽ മാനേജർ സ്വാഗതം ചെയ്തു.