പയ്യോളി : ഇരിങ്ങൽ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്‌കന്ദഷഷ്‌ഠി 2025 ഒക്ടോബർ 27 തിങ്കളാഴ്‌ച വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. വിശേഷാൽ പഞ്ചാമൃതാഭിഷേകം, നവകം പഞ്ചഗവ്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്. അഭീഷ്ടദായകവും, പുണ്യദായകവുമായ ഈ ദിവ്യകർമ്മത്തിൽ എല്ലാ ഭക്തന്മാരും രാവിലെ തന്നെ ക്ഷേത്രത്തിൽ സന്നിഹിതരായി ഭഗവത് പ്രസാദത്തിന് പാത്രീഭൂതരാവാൻ ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് പി.എൻ അനിൽകുമാർ,സെക്രട്ടറി ടി.വി.പദ്മാക്ഷൻ എന്നിവർ അഭ്യർത്ഥിച്ചു.

സർവൈശ്വര്യ പ്രദമാണ് ഷഷ്ഠിവ്രതം, സന്താനലബ്‌ധിക്കും, സന്താനങ്ങളുടെ ദുരിത നിവാരണത്തിനായും, മഹാരോഗശമനത്തിനായും, ദാമ്പത്യ സൗഖ്യത്തിനായും വിശേഷമായി ഈ വ്രതം ആചരിച്ചുവരുന്നു. സർപ്പാകൃതിപൂണ്ട് തിരോധാനം ചെയ്‌ത സുബ്രഹ്മണ്യനെ സ്വരൂപത്തിൽ വീണ്ടു കിട്ടുന്നതിലേക്കായി ശ്രീ പാർവ്വതി 108 ശുക്ലഷഷ്‌ഠി വ്രതമെടുത്ത് ഫലസാഫല്യം കണ്ടതായും താര കാസുര നിഗ്രഹത്തിനായുള്ള യുദ്ധവേളയിൽ അപ്രത്യക്ഷനായ സ്‌കന്ദനെ യുദ്ധക്കളത്തിൽ പ്രത്വ ക്ഷീകരിക്കുന്നതിനും ദേവന്മാർ ഷഷ്‌ഠിവ്രതം അനുഷ്‌ഠിച്ചതായും ഐതിഹ്യമുണ്ട്. പഞ്ചമിനാൾ ഒരു നേരം ഭക്ഷണവും പിറ്റേന്നാൾ പ്രാതസ്നാനം, സുബ്രഹ്മണ്യ പൂജ എന്നിവ ചെയ്യേണ്ടതാണ്. സൂര്യോദയാൽപരം 6 നാഴിക ശുക്ലഷഷ്‌ഠിയുള്ള ദിവസമാണ് വ്രതാചരണം.
