ഇലന്തൂർ ഇരട്ട നരബലി; ‘റോസിലിനെ കൊല്ലാനുപയോഗിച്ച കയർ കത്തിച്ചു’, അവശിഷ്ടം കണ്ടെത്തി

news image
Oct 21, 2022, 12:07 pm GMT+0000 payyolionline.in

പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതികളെ വീണ്ടും കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. മുഹമ്മദ് ഷാഫിയെയും ഭഗവത് സിംഗിനെയും ആണ് ഇന്ന് വീട്ടിൽ എത്തിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജന്‍റെ സാന്നിധ്യത്തിൽ ഡമ്മി പരീക്ഷണവും നടന്നു. കഴിഞ്ഞ ദിവസം ഡമ്മി പരീക്ഷണം നടത്തിയെങ്കിലും  മൃതദേഹങ്ങളിലെ മുറിവുകളിൽ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഡോക്ടർമാരുടെ സാന്നിധ്യത്തിൽ വീണ്ടും പരീക്ഷണം നടത്തിയത്.

വീടിന്‍റെ സെപ്റ്റിക് ടാങ്കിന്‍റെ സ്ലാബ് നീക്കി പരിശോധിച്ചെങ്കിലും കാര്യമായി തെളിവുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഫോറൻസിക് സംഘവും വീടിനുള്ളിൽ പരിശോധന നടത്തി. റോസിലിനെ കൊല്ലാൻ ഉപയോഗിച്ച കയറിന്‍റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ ഫോറെൻസിക് സംഘം ശേഖരിച്ചു.

അതേസമയം കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി കൊല്ലപ്പെട്ട പത്മയെ ഇലന്തൂരിലേക്ക് കൊണ്ടുപോയ സംഭവം കഴിഞ്ഞ ദിവസം അന്വേഷണ സംഘം പുനരാവിഷ്കരിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെ നടന്ന സംഭവങ്ങളാണ് പ്രതിയോടൊപ്പം പൊലീസ് പുനരാവിഷ്കരിച്ചത്. സെപ്റ്റംബർ 26 ന് രാവിലെ 9.15 ന് ചിറ്റൂർ റോഡിലെ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്ത് വെച്ചാണ് മുഹമ്മദ് ഷാഫിയും പത്മയും ആദ്യം കണ്ടത്. പിന്നീട് ഷാഫി ബൈക്കുമായി ഫാഷൻ സ്ട്രീറ്റിലേക്ക് പോയി. സ്കോർപിയോ കാറുമായി 9.25 ഓടെ ചിറ്റൂർ റോഡിലേക്ക് തിരിച്ചെത്തി. കൃഷ്ണ ഹോസ്പിറ്റലിൽ സമീപം കാത്തുനിന്ന പത്മയെ ഇവിടെ വെച്ചാണ് ഇലന്തൂരിലേക്ക് കൊണ്ടുപോയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe