സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ഏറ്റെടുക്കൽ നടപടികളിലേക്ക് ഔഷധി, വില തിട്ടപ്പെടുത്താൻ കളക്ടർക്ക് ചുമതല

news image
Oct 21, 2022, 12:12 pm GMT+0000 payyolionline.in

തിരുവനന്തപുരം : സ്വാമി സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം ഏറ്റെടുക്കൽ നടപടികളുമായി ഔഷധി മുന്നോട്ട്. ആശ്രമത്തിന്റ വില തിട്ടപ്പെടുത്താൻ കളക്ടർക്ക് ചുമതല നൽകി. ഇന്ന് ചേർന്ന ഔഷധി ഡയറക്ടർ ബോർഡ് യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമായത്. പുതിയ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സ്വാമി സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം ഏറ്റെടുക്കാനുള്ള നടപടികൾ ഔഷധി ആരംഭിച്ചത്. പുതിയ ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലമാണ് ആശ്രമമെന്നാണ് ഔഷധി നിയോഗിച്ച സമിതിയുടെ വിലയിരുത്തൽ. കേന്ദ്ര സർക്കാരിന്റെ ആയുഷ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് ഔഷധിയുടെ പദ്ധതി.

തിരുവനന്തപുരത്തെ ആശ്രമം അടക്കം നാല് സ്ഥലങ്ങൾ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ പത്തനംതിട്ട കോട്ടയം വയനാട് കോഴിക്കോട് ജില്ലകളാണ് പരിഗണനയിലുള്ളത്. അടിസ്ഥാന സൗകര്യങ്ങളുള്ള കെട്ടിടങ്ങൾക്കാണ് ആദ്യ പരിഗണന. എന്നാൽ വില അടക്കം മറ്റ് കാര്യങ്ങളിലൊന്നും തീരുമാനമായിട്ടില്ല. സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ സര്‍ക്കാര്‍ അനുമതി കിട്ടിയാൽ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും വിധം ചികിത്സാ കേന്ദ്രം ഒരുക്കാനാണ് ആലോചന. 1941 ൽ തൃശൂരിൽ ആരംഭിച്ച സ്ഥാപനം മറ്റ് ജില്ലകളിലേക്കൊന്നും പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നില്ല. 2018 ഒക്ടോബറിൽ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe