പയ്യോളി: വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നൽകുന്ന ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് പയ്യോളിയിലെ വിദ്യാർത്ഥിനി അർഹയായി.പയ്യോളി സ്വദേശിനിയായ സെന യാസർക്കാണ് പുരസ്കാരം ലഭിച്ചത്. തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് സെന ഇപ്പോൾ.
വ്യക്തി വികസന പരിശീലനം, പ്രഭാഷണം എന്നീ മേഖലകളിലാണ് പൊതു വിഭാഗത്തിൽ നിന്നുള്ള സെന തെരഞ്ഞെടുക്കപ്പെട്ടത്. പത്താം ക്ലാസിൽ പയ്യോളി ഹൈസ്കൂളിൽ പഠിക്കുമ്പോൾ അധ്യാപക ദിനത്തിൽ അധ്യാപകർക്കായി ക്ലാസ് എടുത്ത് ശ്രദ്ധ ആകർഷിച്ചിരുന്നു. പയ്യോളി സ്വദേശിയായ യാസർ രാരാരിയുടെയും നസരിയുടെയും മകളാണ് സെന. സഹോദരൻ മുഹമ്മദ് സഹൻ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയാണ്. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ജില്ലാ കലക്ടർ അധ്യക്ഷനായയുള്ള സമിതിയാണ് ഓരോ ജില്ലയിൽ നിന്നും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നാലു പേരെ തിരഞ്ഞെടുക്കുന്നത്.