ഉത്രാളിക്കാവ് പൂരം ഇന്ന്; തൃശൂർ-ഷൊർണൂർ പാതയിൽ ഗതാഗത നിയന്ത്രണം

news image
Feb 25, 2025, 3:37 am GMT+0000 payyolionline.in

വടക്കാഞ്ചേരി: പൈതൃകത്തനിമയും കല-സാംസ്കാരിക മഹിമയും സമന്വയിക്കുന്ന ഉത്രാളിക്കാവ് പൂരം ചൊവ്വാഴ്ച ആഘോഷിക്കും. പൂരത്തെ വരവേൽക്കാൻ നാടൊരുങ്ങി. എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി ദേശങ്ങളാണ് ഉത്സവത്തിന് ചുക്കാൻപിടിക്കുന്നത്. ഒരാഴ്ച മുമ്പുതന്നെ അതത് തട്ടകദേശങ്ങളിൽ ഉത്സവപ്രേമികളുടെ മനംകവരുന്ന കലാരാവുകൾ തുടങ്ങിയിരുന്നു. ദൂരെദിക്കുകളിൽനിന്ന്​ ബന്ധുമിത്രാദികൾ ഉൾപ്പെടെയുള്ളവർ പൂരം കാണാൻ നാട്ടിലെത്തിയിട്ടുണ്ട്​.

പഞ്ചവാദ്യമേള പെരുക്കങ്ങളും മാനത്ത് ഇന്ദ്രജാലം തീർക്കുന്ന വെടിക്കെട്ടും ആസ്വദിക്കാൻ ഉത്രാളിക്കാവ് പാടത്തേക്ക് പൂരപ്രേമികളുടെ പ്രവാഹം പതിവാണ്​. ആനച്ചമയപ്രദർശനം കാണാൻ കുടുംബസമേതം പൂരാസ്വാദകർ ഒഴുകിയെത്തി. വടക്കാഞ്ചേരി വിഭാഗം പ്രദർശനം ശിവക്ഷേത്രപരിസരത്തും എങ്കക്കാടിന്‍റേത്​ ഉത്രാളിക്കാവ് ക്ഷേത്രപരിസരത്തും കുമരനെല്ലൂർ വിഭാഗം പൂരനിലാവ് അരങ്ങേറിയ മൈതാനത്തുമാണ്​ പ്രദർശനം ഒരുക്കിയത്​.

പൂരം ദിവസമായ ചൊവ്വാഴ്ച എങ്കക്കാട് വിഭാഗത്തിന്​ രാവിലെ 11.30 മുതൽ 1.45 വരെ ചോറ്റാനിക്കര സുഭാഷ് മാരാരുടെ നേതൃത്വത്തിൽ നടപ്പുര പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ്, ഉച്ചക്ക് രണ്ടു​ മുതൽ കുമരനെല്ലൂർ ദേശം ചോറ്റാനിക്കര നന്ദപ്പൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം എന്നിവയാണ്​. ഉച്ചക്ക് 12ന് വടക്കാഞ്ചേരി ദേശം ശിവ-വിഷ്ണു ക്ഷേത്രസന്നിധിയിൽ വൈക്കം ചന്ദ്രൻ മാരാരുടെ നേതൃത്വത്തിൽ വിഖ്യാതമായ നടപ്പുര പഞ്ചവാദ്യം അരങ്ങേറും. തുടർന്ന് സായുധ പൊലീസ് അകമ്പടിയോടെ രാജകീയ പ്രൗഢിയിൽ ഉത്രാളിക്കാവിലേക്ക് ഗജഘോഷയാത്രയാണ്​. ഇതിന്​ തലയെടുപ്പുള്ള ഗജവീരന്മാരെയാണ് ദേശങ്ങൾ അണിനിരത്തുന്നത്.

വൈകീട്ട് 5.30ന് കുടമാറ്റം, 6.30ന് പ്രസിദ്ധമായ ഭഗവതിപ്പൂരം, തുടർന്ന് കൂട്ടിഎഴുന്നള്ളിപ്പ് എന്നിവ നടക്കും. രാത്രി എട്ടിന്​ കുമരനെല്ലൂർ ദേശവും 26ന് പുലർച്ചെ വടക്കാഞ്ചേരി ദേശവും ഉത്രാളിക്കാവ്​ പാടത്ത്​ കരിമരുന്നുപ്രയോഗം നടത്തും.

ഉച്ച​ 1.30 മുതൽ രാത്രി 10 വരെ ഗതാഗത നിയന്ത്രണം

ചൊവ്വാഴ്ച തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ വടക്കാഞ്ചേരി മുതൽ മുള്ളൂർക്കര വരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമെന്ന്​ പൊലീസ്​ അറിയിച്ചു. ഉച്ചക്ക്​ 1.30 മുതൽ രാത്രി 10 വരെയാണ് നിയന്ത്രണം. ചേലക്കര, ഷൊർണൂർ, തൃശൂർ, കുന്നംകുളം എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക്​ പ്രത്യേക റൂട്ടും പാർക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പൂരം കാണാനെത്തുന്നവർ പൊലീസ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് വടക്കാഞ്ചേരി സ്റ്റേഷൻ ഇൻസ്പെക്ടർ അറിയിച്ചു.

പ്രധാന ഗതാഗതനിയന്ത്രണങ്ങൾ:

* ചേലക്കര ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വാഴക്കോട്, മുള്ളൂർക്കര, വരവൂർ വഴി പോകണം.

* ഷൊർണൂർ ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ മുള്ളൂർക്കരയെത്തി വരവൂർ, കുണ്ടന്നൂർ, കാഞ്ഞിരക്കോട് വഴി തൃശൂർ ഭാഗത്തേക്ക് പോകണം.

* തൃശൂർ ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ വടക്കാഞ്ചേരി കോടതി ജങ്ഷനിൽനിന്ന് തിരിഞ്ഞ് കുമ്പളങ്ങാട്, കാഞ്ഞിരക്കോട്, കുണ്ടന്നൂർ, വരവൂർ വഴി മുള്ളൂർക്കരയെത്തി ഷൊർണൂർ, ചേലക്കര ഭാഗത്തേക്ക് പോകണം.

* തൃശൂർ ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ കുറാഞ്ചേരി, വ്യാസ കോളജ്, കുമ്പളങ്ങാട്, കാഞ്ഞിരക്കോട്, കുണ്ടന്നൂർ, വരവൂർ, മുള്ളൂർക്കര വഴി തിരിച്ചുവിടും.

* കുന്നംകുളം ഭാഗത്തുനിന്ന് വരുന്ന റൂട്ട് ബസുകൾ ഓട്ടുപാറ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കണം.

* ഷൊർണൂർ ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ ചെറുതുരുത്തി ചുങ്കത്തുനിന്ന് തിരിച്ച് തലശ്ശേരി, വരവൂർ വഴി പോകണം.

* വടക്കാഞ്ചേരി മുതൽ വാഴക്കോട് വരെ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.

പാർക്കിങ്:

* ചേലക്കര, ഷൊർണൂർ ഭാഗങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾക്ക് ഫ്ലൈവീൽ കർവ് ഭാഗത്തുള്ള പാടത്ത് പാർക്ക് ചെയ്യാം.

* തൃശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് പരുത്തിപ്രയിൽ പാർക്ക് ചെയ്യാം.

* കുന്നംകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് കുമരനെല്ലൂർ പാടത്ത് പാർക്ക് ചെയ്യാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe