‘ഉമ്മൻ‌ചാണ്ടിസാർ ജനമനസ്സുകളില്‍ നിങ്ങളിലും ഒരുപാട് മുകളിലാണ്’, വിനായകനെതിരെ നടൻ അനീഷ്

news image
Jul 20, 2023, 9:18 am GMT+0000 payyolionline.in

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ യുവനടന്‍ അനീഷ് ജി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നട​ന്റെ പ്രതികരണം.

‘പ്രേക്ഷകര്‍ക്ക് മുന്നിൽ നിങ്ങളോളം സ്വാധീനം ഇന്ന് എനിക്കില്ലെന്നത് ഒരു യാഥാർഥ്യമാണ്. അതുപോലെ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി സാർ ജനമനസ്സുകളിൽ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും ഒരു യഥാർഥ്യമാണ്. രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അപ്പുറമാണ് അദ്ദേഹം സമൂഹത്തിൽ ചെലുത്തിയ സ്വാധീനം. അതുകൊണ്ടാണ് പത്രങ്ങളുടെ ഒന്നാം പേജ് മുഴുവൻ ആ മഹദ് വ്യക്തി നിറഞ്ഞുനിന്നതും കഴിഞ്ഞ മൂന്നുദിവസത്തെ കാഴ്ചകൾ താങ്കളെ അസ്വസ്തപ്പെടുത്തിയതും. താങ്കളുടെ ഈ പരാമർശം വളരെ നിർഭാഗ്യകരമായിപ്പോയി’, അനീഷ് കുറിച്ചു.

 


പോസ്റ്റിന്‍റെ പൂർണരൂപം:
മിസ്റ്റര്‍ വിനായകൻ, ഞാനും നിങ്ങളും ഒരേ ഇൻഡസ്ട്രിയിൽ ഈ നിമിഷവും നിലനിൽക്കുന്ന നടന്മാരാണ്. എന്നുവെച്ച് ഓഡിയൻസിന് മുന്നിൽ നിങ്ങളോളം സ്വാധീനം ഇന്ന് എനിക്കില്ലയെന്നത് ഒരു യാഥാർഥ്യമാണ്. അതുപോലെ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിസാർ ജനമനസ്സുകളില്‍ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും ഒരു യഥാർഥ്യമാണ്.

രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അപ്പുറമാണ് അദ്ദേഹം സമൂഹത്തിൽ ചെലുത്തിയ സ്വാധീനം. അതുകൊണ്ടാണ് സുഹൃത്തെ, പത്രങ്ങളുടെ ഒന്നാം പേജ് മുഴുവൻ ആ മഹത് വ്യക്തി നിറഞ്ഞുനിന്നതും കഴിഞ്ഞ മൂന്നുദിവസത്തെ കാഴ്ചകൾ താങ്കളെ അസ്വസ്തപ്പെടുത്തുകയും ചെയ്യുന്നത്. നല്ലൊരു അഭിനേതാവ് എന്ന നിലയിൽ നിങ്ങളോടുള്ള ഇഷ്ടം വെച്ചുകൊണ്ടുതന്നെ പറയട്ടെ… താങ്കളുടെ ഈ പരാമർശം വളരെ നിർഭാഗ്യകരമായിപ്പോയി.

കഴിഞ്ഞ ദിവസമായിരുന്നു വിനായകന്റെ വിവാദ പ്രതികരണം. ‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത്, അതിന് ഞങ്ങൾ എന്ത് ചെയ്യണം. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലേ ഇയാൾ ആരോക്കെയാണെന്ന്’ -വിനായകൻ ചോദിച്ചു.

വിഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് പിൻവലിച്ചിരുന്നു. വ്യാപക പ്രതിഷേധമാണ് താരത്തിനെതിരെ ഉയര്‍ന്നത്. വിനായകനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ ഡി.ജി.പിക്കും കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്കും പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി സതീഷാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. എറണാകുളം ഡി.സി.സി ജനറൽ സെക്രട്ടറി അജിത്ത് അമീർ ബാവയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സോണി പനന്താനമാണ് കൊച്ചി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്.

വിനായകൻ സിനിമ മേഖലയിലെ ലഹരി മാഫിയയുടെ തലവനാണെന്നാണ് കൊച്ചി അസിസ്റ്റന്‍റ് പൊലീസ് കമീഷണര്‍ക്ക് അജിത്ത് അമീർ ബാവ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. വിനായകന്‍റെ ലഹരി-മാഫിയ ബന്ധങ്ങള്‍ അന്വേഷിക്കണമെന്നും ഇതിൽ ആവശ്യപ്പെടുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe