തിരുവനന്തപുരം > ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ നിർമ്മാണങ്ങൾ തകർന്നു എന്നമട്ടിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ സൊസൈറ്റി പൊലീസിൽ പരാതി നല്കി. സൊസൈറ്റി ആസ്ഥാനം ഉൾപ്പെടുന്ന ചോമ്പാല പൊലീസ് സ്റ്റേഷനിലാണ് പരാതി നല്കിയത്.
സൊസൈറ്റി നടത്തിയ ഒരു നിർമ്മാണവും തകർന്നിട്ടില്ലെന്നും വ്യാജപ്രചാരണം കേരളസമൂഹം തള്ളിക്കളയണമെന്നും സൊസെെറ്റി പ്രസ്താവനയിൽ പറഞ്ഞു. ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതെ നിർമ്മാണം നടത്തുന്ന സഹകരണസ്ഥാപനമാണു സൊസൈറ്റി. സ്വകാര്യകരാറുകാരെപ്പോലെ സ്വകാര്യലാഭത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനം അല്ല.
റോഡും പാലങ്ങളും അടക്കം 12 നിർമ്മാണങ്ങൾ തകർന്നു എന്നാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വ്യാജസന്ദേശങ്ങളിൽ ഉള്ളത്. ഇവയിൽ മൂന്നെണ്ണം ഒഴികെ ഒന്നുമായും ഊരാളുങ്കൽ സൊസൈറ്റിക്ക് ഒരു ബന്ധവും ഇല്ല. സൊസൈറ്റി നടത്തിയ ഈ മൂന്നു നിർമ്മാനങ്ങൾക്കാകട്ടെ നിർമ്മാണത്തകരാറുമൂലം ഒരു കുഴപ്പവും ഉണ്ടായിട്ടുമില്ല.
നൂറ്റാണ്ടിൻ്റെ പാരമ്പര്യമുള്ള സൊസൈറ്റിയുടെ ഒരു പ്രവൃത്തിയിലും ഇതുവരെ നിർമ്മാണത്തിലെ പിഴവുകൊണ്ട് കേടുപാട് ഉണ്ടായിട്ടില്ല. പ്രചാരണത്തിൽ പറയുന്ന മൂന്നു കാര്യങ്ങളിൽ രണ്ടെണ്ണം പ്രകൃതിക്ഷോഭത്താൽ ഉണ്ടായ കേടുപാടും ഒന്ന് നിർമ്മാണത്തിനിടെ ഉണ്ടായ സാങ്കേതികപ്രശ്നവും മാത്രമാണ്.
പ്രകൃതിക്ഷോഭത്തിൽ വാളാട് പുഴയോരത്തു മണ്ണിടിച്ചിൽ ഉണ്ടായാണ് മാനന്തവാടി – പെരിയ റോഡിൻ്റെ ഏതാനും മീറ്റർ ഭാഗം അരിക് ഇടിഞ്ഞത്. വലിയ മഴയെത്തുടർന്ന് ഏലപ്പാറ–വാഗമൺ റോഡിൽ ഏതാനും സെൻ്റീമീറ്റർ മാത്രം വ്യാസത്തിൽ ഉറവപ്പാട് ഉണ്ടായതാണ് ‘റോഡു തകർന്നു’ എന്നു പ്രചരിപ്പിക്കുന്ന മറ്റൊന്ന്. കൂളിമാട് പാലത്തിന് ഒരു തകരാറും ഉണ്ടായിട്ടില്ല. അതിൻ്റെ നിർമ്മാണത്തിനിടെ ഒരു ജാക്കി സ്റ്റക് ആയി ഒരു ബീം ആറ്റിലേക്കു വീണിരുന്നു. പകരം പുതിയ ബീം സ്ഥാപിച്ചു നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനവും കഴിഞ്ഞ പാലം നല്ല നിലയിൽത്തന്നെയാണ്.
വസ്തുതകൾ ഇതായിരിക്കെ ദുരുദ്ദേശ്യത്തോടെ മനഃപൂർവ്വം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ് ചിലർ. അത്തരം പ്രചരണങ്ങൾ തള്ളിക്കളയണമെന്നും ഊരാളുങ്കൽ സൊസെെറ്റി അഭ്യർഥിച്ചു