എംഎസ്എഫ് പ്രവര്‍ത്തകരെ കൈവിലങ്ങ് അണിയിച്ച സംഭവം: ദേശീയ മനുഷ്യാവകാശ കമ്മിഷനും പരാതി

news image
Jun 28, 2023, 4:12 pm GMT+0000 payyolionline.in

തിരുവനന്തപുരം : വിദ്യാഭ്യാസ മന്ത്രിയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധത്തിനെത്തിയ എംഎസ്എഫ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ കൈവിലങ്ങ് വച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതി. കൊയിലാണ്ടി സബ്ബ് ഇന്‍സ്പക്ടര്‍ അനീഷിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എംഎസ്എഫിന്റെ പരാതി. വിഷയത്തില്‍ കഴിഞ്ഞ ദിവസം സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലയിന്‍സ് അതോറിറ്റിക്കും എംഎസ്എഫ് പരാതി നല്‍കിയിരുന്നു. കൈവിലങ്ങ് സംഭവത്തില്‍ പൊലീസിനെതിരെ കോടതിയെ സമീപിക്കാനും എംഎസ്എഫ് തീരുമാനമെടുത്തിട്ടുണ്ട്.

ഹയര്‍ സെക്കന്ററി സീറ്റ് വര്‍ധന ആവശ്യപ്പെട്ട് പ്രതിഷേധമറിയിച്ച എംഎസ്എഫ് കോഴിക്കോട് ജില്ലാ ക്യാംപസ് വിങ് കണ്‍വീനര്‍ ടി ടി അഫ്രീന്‍, കൊയിലാണ്ടി മണ്ഡലം സെക്രട്ടറി സി സി ഫസീഹ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് കൈയാമം വച്ചത്. സംഭവത്തില്‍ എംഎസ്എഫ് കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്.

സംഭവത്തെ വിമര്‍ശിച്ച് നിരവധി മുസ്ലീം ലീഗ് നേതാക്കളും രംഗത്തെത്തിയിരുന്നു. പൊലീസ് ചെയ്തത് കടുത്ത അനീതിയാണെന്ന് എം കെ മുനീര്‍ വിമര്‍ശിച്ചു. തീവ്രവാദികളെ കൊണ്ടുപോകും പോലെയാണ് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ കൊണ്ടുപോവുന്നത്. പിണറായിയുടെ നാട് ഇപ്പോള്‍ കേരളമല്ല, അമേരിക്കയാണ്.നാട്ടിലുള്ളവരെ മുഴുവന്‍ പീഡിപ്പിച്ച് അമേരിക്കയില്‍ പോയി വലിയ തള്ള് നടത്തുകയാണ് പിണറായി.ഇത് കയ്യും കെട്ടി നോക്കിയിരിക്കാന്‍ ജനാധിപത്യ ശക്തികള്‍ക്ക് കഴിയില്ലെന്നും എം കെ മുനീര്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe