പയ്യോളി: എംപ്ലോയ്മെൻ്റ് ലിസ്റ്റിനെ പിൻതള്ളി അർഹനായ ഉദ്യോഗാർത്ഥിക്ക് നിയമനം നൽകാതെ അനധികൃതമായി സാനിറ്ററി വർക്കർ നിയമനം നടത്തിയ സ്വജനപക്ഷപാത നിലപാടിൽ പ്രതിഷേധിച്ച് പയ്യോളി നഗരസഭ കൗൺസിൽ യോഗം എൽഡിഎഫ് നേതൃത്വത്തിൽ ബഹിഷ്കരിച്ചു. കൗൺസിൽ ഹാളിൽ നിന്നും മുദ്രാവാക്യം മുഴക്കി ഇറങ്ങി വന്ന കൗൺസിലർമാർ നഗരസഭ ഓഫീസിന് മുന്നിൽ ധർണ നടത്തി.

പയ്യോളി നഗരസഭ കൗൺസിൽ യോഗ ത്തിൽ നിന്ന് ഇറങ്ങി വന്ന എൽഡിഎഫ് അംഗങ്ങൾ ഓഫീസ് കവാടത്തിൽ നടത്തിയ പ്രതിഷേധ ധർണ ടി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യുന്നു
നിയമന അജണ്ട കൗൺസിലിൽ ചർച്ചക്കെടുത്തപ്പോൾ നിയമനത്തിലെ അഴിമതിയെ സംബന്ധിച്ച് കൗൺസിലർ ടി അരവിന്ദാക്ഷൻ പ്രശ്നമുന്നയിച്ചതോടെ എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ തമ്മിൽ വാക്പോർ ആരംഭിക്കുകയായിരുന്നു. പട്ടികജാതി വിഭാഗത്തിൽ പെട്ടതും ഭിന്നശേഷിക്കാരനുമായ ഉദ്യോഗാർഥിയെയായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ ഇയാളെ തള്ളിയാണ് ലിസ്റ്റിൽ ഇല്ലാതിരുന്നിട്ടും യൂത്ത് കോൺഗ്രസ്സ് നേതാവിന് നിയമനം നൽകിയത്. ഓഫീസ് കവാടത്തിന് മുന്നിൽ നടത്തിയ ധർണ ടി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ചെറിയാവി സുരേഷ് ബാബു അധ്യക്ഷനായി. ടി ചന്തു , കെ കെ സ്മിതേഷ്, രേഖ മുല്ലക്കുനി എന്നിവർ സംസാരിച്ചു.കെ സി ബാബുരാജ് സ്വാഗതം പറഞ്ഞു.