പയ്യോളി: എം കെ പ്രേംനാഥിനെ പോലുള്ള സോഷ്യലിസ്റ്റുകളെ സൃഷ്ടിച്ചു എന്നതാണ്
ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ മുഖ്യ സംഭാവന. മറ്റൊരു രാഷ്ട്രീയ ധാരകൾക്കും സാദ്ധ്യമാകാത്ത വിധം ഇന്ത്യയെ മനസ്സിലാക്കാൻ കഴിഞ്ഞുവെന്നതാണ് സോഷ്യലിസ്റ്റുകളെ വ്യത്യസ്തമാക്കുന്നതെന്നും എം കെ പ്രേംനാഥ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രൊഫ. മഹേഷ് മംഗലാട്ട് പറഞ്ഞു.
സമൂഹത്തിൽ ഉന്നത സ്ഥാനത്തിരിക്കുന്നവരെന്നോ സാധാരണക്കാരെന്നോ ഭേദമില്ലാതെ എല്ലാവർക്കും പ്രിയപ്പെട്ടവനായി ജീവിച്ച സോഷ്യലിസ്റ്റായിരുന്നു എം കെ പ്രേംനാഥെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ എം കെ പ്രേമൻ തിക്കോടി അഭിപ്രായപ്പെട്ടു.
ലോഹ്യാ വിചാരവേദി പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ഇ കെ ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ രാമചന്ദ്രൻ കുയ്യണ്ടി, കെ റൂസി, എം ടി നാണുമാസ്റ്റർ, രാജൻ കൊളാവിപ്പാലം, എടയത്ത് ശ്രീധരൻ, വിജയരാഘവൻ ചേലിയ, സനീഷ് പനങ്ങാട്, വി പി ബാലൻ എന്നിവർ സംസാരിച്ചു.