എക്‌സൈസിനെ കണ്ട് പ്രതി ഓടി; പിന്നാലെ കൂടി ഉദ്യോഗസ്ഥനായ ദീർഘദൂര ഓട്ടക്കാരനും, ഒടുവിൽ പൊക്കി

news image
Nov 19, 2026, 7:36 am GMT+0000 payyolionline.in

കൽപ്പറ്റ: ഹാഷിഷ് ഓയിൽ പിടികൂടിയ കേസിലെ പ്രതികളെ പിടികൂടുന്നതിനിടെ നാടകീയ സംഭവങ്ങൾ. ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതിയെ എക്‌സൈസിലെ ദീർഘദൂര ഓട്ടക്കാരൻ മിനിറ്റുകളോളം പിന്തുടർന്ന് പിടികൂടി. കഴിഞ്ഞ മാസം പതിനഞ്ചാം തീയ്യതി പടിഞ്ഞാറത്തറയിലെ ഒരു വീട്ടിൽനിന്ന് 323 ഗ്രാം ഹാഷിഷ് ഓയിലും 1.362 ഗ്രാം മെത്താംഫിറ്റമിനും പിടികൂടിയിരുന്നു. ഈ സംഭവത്തിലെ മുഖ്യപ്രതിയായ പടിഞ്ഞാറത്തറ വാരാമ്പറ്റ സ്വദേശിയായ ഐക്കാരൻ വീട്ടിൽ എ.കെ. സുബൈർ (36) എന്നയാളെ കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. ഷറഫുദ്ദീനും എക്‌സൈസ് ഇൻസ്‌പെക്ടർ സൻഫീർ മുഹമ്മദും ഉൾപ്പെട്ട അന്വേഷണസംഘം കൊയിലാണ്ടിയിലുള്ള കോർട്ടേഴ്‌സിൽ നിന്ന് പിടികൂടുന്നതിനിടെയായിരുന്നു നാടകീയ സംഭവം. പ്രതിക്ക് ഒളിത്താവളം ഒരുക്കിക്കൊടുത്ത സുഹൃത്തായ പടിഞ്ഞാറത്തറ തെങ്ങുമുണ്ട സ്വദേശിയായ കൊപ്പര വീട്ടിൽ ഷിയാസ് മുസ്തഫ (27) എന്നയാളെയും പ്രതിയോടൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്.

എക്‌സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്ന ദീർഘദൂര ഓട്ടക്കാരൻ കൂടിയായ ഓ. ഷാഫി പ്രതിയെ പിന്തുടർന്നത്. മിനിറ്റുകളോളം പിന്നാലെ കൂടി പിടികൂടുകയായിരുന്നു. പ്രതികൾ രണ്ടുപേരും മുമ്പും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. സുബൈർ മാനന്തവാടി എക്‌സൈസിൽ 5.814gm മെത്താംഫിറ്റമിൻ പിടികൂടിയ കേസിലെ പ്രതിയാണ്. ഷിയാസ് മുസ്തഫയെ സുൽത്താൻ ബത്തേരി പോലീസ് 8.25 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ മാനന്തവാടി സബ് ജയിലിൽ റിമാൻഡ് ചെയ്തു. സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.എൻ. ശശികുമാർ, ജോൺ ജോസ് വനിത സിവിൽ എക്‌സൈസ് ഓഫീസർ എം. അനിത എന്നിവരടങ്ങിയ സംഘമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe