തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിന് കുരുക്ക് മുറുകുന്നു. ശ്രീജിത് ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്കെ നടത്തിയത് അടക്കം അഞ്ച് ഇടപാടുകളിൽ അഴിമതി നടന്നെന്ന പരാതിയിൽ പുതിയ അന്വേഷണത്തിനൊരുങ്ങുകയാണ്. എഡിജിപി എം ആർ അജിത് കുമാർ സസ്പെൻഷനിലായ ഒഴിവിൽ ഡിജിപി റാങ്കിലേക്ക് എസ് ശ്രീജിത്ത് എത്തുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ അന്വേഷണം ആരംഭിക്കുന്നത്. ഇതേ പരാതികളിൽ ശ്രീജിത്തിന് ക്ലീൻചിറ്റ് നൽകിയ ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുടെ നടപടി ഹൈക്കോടതി കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. പരാതിയിൽ ആഭ്യന്തര സെക്രട്ടറി മൂന്നാഴ്ചക്കകം നടപടികൾ പൂർത്തിയാക്കണം എന്നായിരുന്നു ഹൈക്കോടതി നിർദ്ദേശിച്ചത്.
അനുമതിയില്ലാതെയുള്ള വിദേശയാത്രകൾ, യൂണിഫോമിൽ യുഎഇയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു, ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ നടത്തിയെന്നാരോപിക്കുന്ന അഴിമതികൾ, ലാസ്റ്റ് ബെഞ്ച് എന്ന പേരിൽ ആരംഭിച്ച ഗാനമേള ട്രൂപ്പിനായി ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടുപ്പം എന്നിവയിലാണ് അന്വേഷണം. എഡിജിപി ആസ്ഥാനത്തെത്തി എസ് ശ്രീജിത്തിനെ ഉണ്ണികൃഷ്ണൻ പോറ്റി ഷാൾ അണിയിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു.
കഴിഞ്ഞദിവസമായിരുന്നു പരാതിയിൽ എസ് ശ്രീജിത്തിന് ക്ലീൻചിറ്റ് നൽകിയ റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കിയത്. ശ്രീജിത്തിനെതിരായ പരാതികൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയായിരുന്നു റിപ്പോർട്ട് സമർപ്പിച്ചത്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ദിപിൻ എടവന നൽകിയ പരാതികളായിരുന്നു കേസിന് ആധാരം. ദിപിൻ എടവനയെ വീണ്ടും കേട്ട് പുതിയ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
ശ്രീജിത്തിനെയും പരാതിക്കാരനെയും ഒരുമിച്ചിരുത്തി സംയുക്ത ഹിയറിംഗ് നടത്തിയത് തെറ്റാണ്, സംയുക്ത ഹിയറിംഗ് നിതീയുക്ത രീതിയല്ല, പരാതിക്കാരന് പല കാര്യങ്ങളും ഹിയറിംഗ് അതോറിറ്റിയോട് പറയാനുണ്ടാവും, അതിൽ എഡിജിപി എസ് ശ്രീജിത്തിനെതിരായ തെളിവുകൾ ഉണ്ടാവും, ഉന്നത സ്വാധീനമുള്ള എഡിജിപി എസ് ശ്രീജിത്തിന് പരാതിക്കാരൻ നൽകുന്ന തെളിവുകൾ വേഗം ഇല്ലാതാക്കാൻ കഴിയും, ഹർജിക്കാരനെ ബിശ്വനാഥ് സിൻഹ സങ്കടകരമായ സാഹചര്യത്തിലാക്കി, പരാതിക്കാരനായ ദിപിൻ ഇടവനയ്ക്ക് ശരിയായ അവസരം ബിശ്വനാഥ് സിൻഹ നൽകിയില്ല, മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് ഉയർന്ന അച്ചടക്കവും നീതിപൂർവ്വമായ പെരുമാറ്റവും പ്രതീക്ഷിക്കുന്നു എന്നിങ്ങനെയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. തുടർന്നാണ് എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണ വ്യാജമെന്ന റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കിയത്. റിപ്പോർട്ടിൽ തീയതി പോലും കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും വിശ്വാസ്യതയില്ലെന്നും നിരീക്ഷിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി.
