എയർ ഇന്ത്യ വിമാനത്തിൽ 19ന് യാത്ര ചെയ്യുന്നവരുടെ ജീവൻ അപകടത്തിലാകും: ഭീഷണി സന്ദേശവുമായി ഖലിസ്ഥാൻ വിഘടനവാദി നേതാവ്

news image
Nov 4, 2023, 5:23 pm GMT+0000 payyolionline.in

ഡൽഹി∙ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നുന്റെ പുതിയ ഭീഷണി സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഈ മാസം 19ന് എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുന്നവരുടെ ജീവൻ അപകടത്തിലാകുമെന്നാണ് ഭീഷണി. ‘‘നവംബർ 19ന് എയർ ഇന്ത്യയിൽ യാത്ര ചെയ്യരുതെന്ന് ഞങ്ങൾ സിഖ് ജനതയോട് ആവശ്യപ്പെടുന്നു. ആഗോളതലത്തിൽ ഉപരോധം ഉണ്ടാകും. നവംബർ 19ന് എയർ ഇന്ത്യയിൽ യാത്ര ചെയ്താൽ നിങ്ങളുടെ ജീവൻ അപകടത്തിലാകും.’’– പന്നുൻ വിഡിയോയിൽ പറഞ്ഞു.

ഡൽഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളം നവംബർ 19ന് അടച്ചിടുമെന്നും അതിന്റെ പേരു മാറ്റുമെന്നും പന്നുൻ അവകാശപ്പെട്ടു. ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ നടക്കുന്ന ദിവസമാണ് നവംബർ 19 എന്നും പന്നുൻ ഓർമിപ്പിച്ചു. ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിൽനിന്ന് പഠിച്ചില്ലെങ്കിൽ ഇന്ത്യയിലും സമാനമായ ‘പ്രതികരണം’ ഉണ്ടാകുമെന്ന് കഴിഞ്ഞ മാസം 10ന് പുറത്തുവിട്ട വിഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പന്നുൻ ഭീഷണിപ്പെടുത്തിയിരുന്നു. ‘‘പഞ്ചാബ് മുതൽ പലസ്തീൻ വരെയുള്ള നിയമവിരുദ്ധ അധിനിവേശങ്ങളുടെ ഇരകൾ പ്രതികരിക്കും. അക്രമം അക്രമത്തിനു കാരണമാകുന്നു.’’ പന്നുൻ മുൻപത്തെ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.

യുഎസ് ആസ്ഥാനമായുള്ള നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) സംഘടനയുടെ തലവനാണ് ഗുർപത്വന്ത് സിങ് പന്നുൻ. പലതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും പങ്കു തെളിഞ്ഞതിനെ തുടർന്ന് 2020ൽ ഇന്ത്യ പന്നുനിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. പന്നുനിന്റെ കൃഷിഭൂമിയും സർക്കാർ കണ്ടുകെട്ടി.

പഞ്ചാബിൽ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലടക്കം 22 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഗുർപത്വന്ത് സിങ് പന്നുൻ. 2022 ഒക്ടോബറിൽ പന്നുനിനെതിരെ റെഡ്കോർണർ നോട്ടീസ് അയക്കാൻ ഇന്ത്യ ഇന്റർപോളിനോടു ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഇന്റർപോൾ ഈ ആവശ്യം നിരസിച്ചു. ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അസം സന്ദർശിച്ചപ്പോൾ അദ്ദേഹത്തിനെതിരെ വധഭീഷണി മുഴക്കിയതിനും പന്നുനിനെതിരെ കേസുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe