സർവ്വീസ് റോഡിൽ കയറാൻ പണം ആവശ്യപ്പെടുന്നത് അവസാനിപ്പിക്കണം: വടകര താലൂക്ക് വികസനസമിതി യോഗം

news image
Nov 4, 2023, 5:15 pm GMT+0000 payyolionline.in

വടകര: ദേശീയപാതയിൽ സർവ്വീസ് റോഡിലേക്ക് കയറാൻ സ്ഥലമുടമകൾ, വീട്ടുകാർ, വ്യാപാരസ്ഥാപനങ്ങൾക്കും മറ്റും പണം നൽകണമെന്ന ദേശീയപാത അതോറിറ്റി നടപടി പിൻവലിക്കണമെന്ന് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന ഇത്തരം തലതിരിഞ്ഞ നടപടി മൂലം ഏറെ പ്രയാസം നേരിടുമെന്ന് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്ത്, സമിതി അംഗം പ്രദീപ് ചോമ്പാല എന്നിവർ യോഗത്തിൽ ഉന്നയിച്ചു . ഈ തീരുമാനം ദേശീയപാതയുടെ സമീപം താമസിക്കുന്നവരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

വടകര നഗരത്തിൽ വ്യാപകമായി മോഷണം നടക്കുന്നതിനാൽ സിസിടിവി സൗകര്യം വേണമെന്ന് സമിതി അംഗം പി പി രാജൻ ആവശ്യപ്പെട്ടു. സിസിടിവി നിരീക്ഷണം നഗരത്തിൽ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പുഞ്ചിരിമിൽ, വീരഞ്ചേരി, ജെടി റോഡ് വഴി സർവ്വീസ് നടത്തി കൊണ്ടിരിക്കുന്ന ബസ്സുകൾ ഈ വഴിയിലൂടെ പഴയ ബസ് സ്റ്റാൻഡിൽ പ്രവേശിക്കണമെന്ന ആവശ്യം ചർച്ച ചെയ്യാൻ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേർക്കുമെന്ന് കെ കെ രമ എംഎൽഎ പറഞ്ഞു. താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്ന് ഡെമോക്രാറ്റിക് ഡയലോഗ് പ്രതിനിധികൾ ആവശ്യപ്പെട്ടു.

 

വടകര വില്യാപ്പള്ളി ചേലക്കാട് റോഡിലെ കൈയേറ്റങ്ങൾ അവസാനിപ്പിക്കണമെന്ന് സമിതി അംഗം പി സുരേഷ് ബാബു ആവശ്യപ്പെട്ടു. ഇതിനായുള്ള നടപടികൾ തുടങ്ങിയതായി തഹസിൽദാർ കല ഭാസ്‌ക്കർ പറഞ്ഞു.
കെ കെ രമ എംഎൽഎ അധ്യക്ഷം വഹിച്ചു. വടകര നഗരസഭ വൈസ് ചെയർമാൻ പി സജിത്ത് പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി പി ചന്ദ്രശേഖരൻ (ചോറോട്), ആയിഷ ഉമ്മർ (അഴിയൂർ) സമിതി അംഗങ്ങളായ പ്രദീപ് ചോമ്പാല, പി പി രാജൻ, പുറന്തോടത്ത് സുകുമാരൻ, ടി വി ഗംഗാധരൻ, ബാബു പറമ്പത്ത്, ബാബു ഒഞ്ചിയം, പി സുരേഷ് ബാബു, എൻ കെ സജിത്ത് എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe