എ.ഐ ക്യാമറയ്ക്ക് ‘ക്ലീന്‍ ചിറ്റ്’; ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കും

news image
May 20, 2023, 4:38 am GMT+0000 payyolionline.in

തിരുവനന്തപുരം : എ. ഐ ക്യാമറാ ഇടപാടുകൾക്ക് വ്യവസായ വകുപ്പിന്റെ അന്വേഷണത്തിൽ ക്ലീൻചിറ്റ് നൽകിയതോടെ ജൂൺ 5 മുതൽ പിഴ ഈടാക്കി തുടങ്ങാൻ തീരുമാനം. ദിവസവും രണ്ട് ലക്ഷം നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കും. ഇതിനായി കൂടുതൽ ജീവനക്കാരെ കൺട്രോൾ റൂമുകളിൽ നിയോഗിക്കാൻ ഗതാഗത വകുപ്പ് കെൽട്രോണിനോട് ആവശ്യപ്പെട്ടു.

വ്യവസായ വകുപ്പിന്റെ അന്വേഷണത്തിലെ ക്ലീൻചിറ്റോടെ ക്യാമറാ വിവാദം അവസാനിച്ചെന്ന വിലയിരുത്തലിലാണ് ഗതാഗത വകുപ്പ്. പിഴ ഈടാക്കി തുടങ്ങാൻ സജ്ജമാണന്ന് ഗതാഗത കമ്മീഷണറും മന്ത്രിയെ അറിയിച്ചു. ഇതോടെയാണ് മുൻ നിശ്ചയിച്ച പ്രകാരം ജൂൺ 5 മുതൽ പിഴ ഈടാക്കുന്നത്. ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ഏഴ് ദിവസത്തിനുള്ളിൽ നോട്ടീസ് അയക്കും. ദിവസവും രണ്ടര ലക്ഷത്തോളം നിയമ ലംഘനങ്ങൾ ഇപ്പോൾ ക്യാമറയിൽ പെടുന്നുണ്ട്. അതിനാൽ പിഴ ഈടാക്കാൻ തുടങ്ങിയാൽ ദിവസവും രണ്ട് ലക്ഷം പേർക്കെങ്കിലും പിഴ നോട്ടീസ് അയക്കേണ്ടി വരും.

നിലവിൽ 146 ജീവനക്കാരെയാണ് നോട്ടീസ് അയക്കാൻ കെൽട്രോൺ നിയോഗിച്ചിരിക്കുന്നത്. എന്നാൽ ഇവർക്ക് പരമാവധി 25000 നോട്ടീസ് മാത്രമേ ഒരു ദിവസം അയക്കാനാവു. അതിനാൽ 500 ജീവനക്കാരെയെങ്കിലും അധികമായി നിയമിക്കാൻ ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. ജീവനക്കാർ അധികമാകുന്നതോടെ ചെലവും കൂടും. നോട്ടീസ് അയക്കാനുള്ള ചെലവും അനുവദിച്ചതിനാൽ കൂടുതലാകുമെന്ന് കെൽട്രോണിന് പരാതിയുണ്ട്. ഇക്കാര്യങ്ങളിലെല്ലാം അന്തിമധാരണാപത്രത്തിൽ വ്യക്ത വരുത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe