തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കള്ളക്കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സാറാ ജോസഫ്. അഖില നന്ദകുമാറിനെതിരെ കേസെടുത്തത് അംഗീകരിക്കാനാകില്ലെന്ന് സാറാ ജോസഫ് പറഞ്ഞു. മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ നാലാം തൂൺ ആയിട്ടാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. സത്യസന്ധമായ മാധ്യമ പ്രവർത്തനം തടയപ്പെടുമ്പോൾ ജനാധിപത്യത്തിന്റെ നാശം സംഭവിക്കുന്നുവെന്നും സാറാ ജോസഫ് പ്രതികരിച്ചു.
പാർലമെന്റിനും കോടതിക്കും പൊലീസിനുമുള്ള അതേ അധികാരമാണ് മാധ്യമങ്ങൾക്കുള്ളത്. ഈ മൂന്ന് സംവിധാനങ്ങളിലും സംഭവിക്കുന്ന ജനവിരുദ്ധത തുറന്നുകാട്ടലാണ് മാധ്യമങ്ങളുടെ ധർമം. വിമർശിക്കുക, ജനങ്ങളെ ബോധ്യപെടുത്തലാണ് മാധ്യമങ്ങൾ ചെയ്യേണ്ടത്. മാധ്യമങ്ങൾ ജനങ്ങളുടെയാണ് ഭരണകൂടത്തിന്റെയല്ല, കോടതിയുടെയോ പൊലീസിന്റെയോ അല്ല. ഭരണകൂടത്തെ വിമർശിക്കുകയെന്നതാണ് മാധ്യമങ്ങളുടെ തൊഴിൽ. ജനങ്ങളുടെ ഉത്തരവാദിത്തമാണ് മാധ്യമങ്ങൾക്കെതിരെ വരുന്ന നടപടികളെ ചെറുക്കുക എന്നത്. അതുപോലെ തന്നെ ജനങ്ങളുടെ ഉത്തരവാദിത്തമാണ് മാധ്യമങ്ങളെ സംരക്ഷിക്കുക എന്നത്. അഖിലയെ പിന്തുണച്ചു കൊണ്ട് സാറാ ജോസഫ് പ്രതികരിച്ചു.