ഉള്ളിയേരി: നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളിൽ ലഹരിക്കെതിരായ ബോധവൽക്കരണമുണർത്താൻ ഒള്ളൂർ ഗവ. യു. പി സ്കൂളിൽ ജെ ആർ സി യുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം വിപുലമായ പരിപാടികളോടെ നടന്നു.
കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്കൂൾ അങ്കണത്തിലെ ഗാന്ധി സ്ക്വയറിൽ തയ്യാറാക്കിയ ക്യാൻവാസിൽ വിരലടയാളം കൊണ്ട് ലഹരിക്കെതിരെ മുദ്രാവാക്യമെഴുതി . വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളും ലഹരി വിരുദ്ധപോസ്റ്ററുകൾ തയ്യാറാക്കി. തുടർന്ന് വിദ്യാർത്ഥികൾ അണിനിരന്ന കുട്ടിച്ചങ്ങലയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രധാനധ്യാപകൻ ഇ പ്രകാശൻ, അധ്യാപകരായ സി. കെ ബിജു, എൻ. കെ ജയദാസൻ, കെ എസ് അഖിൽ, കെ. പി ഐശ്വര്യ, കെ. പി അശ്വതി, അശ്വതി അജിത്ത് എന്നിവർ സംസാരിച്ചു.