കക്കട്ടിൽ: മഴക്കോട്ടും മുഖംമൂടിയും ധരിച്ചെത്തിയ സംഘത്തിന്റെ വെട്ടേറ്റ് ഒരാൾക്ക് പരിക്ക്. ഇടതുകാലിനും തോളിനും വെട്ടേറ്റ പുന്നൂപ്പറമ്പത്ത് ഗംഗാധരനെ (65) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കക്കട്ടിൽ ടൗണിൽ കൈവേലി റോഡിന് സമീപത്തുള്ള ഓട്ടോസ്റ്റാൻഡിനടുത്ത് തിങ്കളാഴ്ച സന്ധ്യയോടെയാണ് സംഭവം. ഉടൻതന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി.
ഗംഗാധരനും പ്രദേശത്തെ സി.പി.എം. പ്രവർത്തകരിൽ ചിലരുമായി നേരത്തേ തർക്കം നടന്നിരുന്നതായി പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം മധുകുന്ന് ഭാഗത്ത് അടിപിടിയും നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണോ ആക്രമണമെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ആക്രമണത്തെത്തുടർന്ന് പ്രദേശത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.