കട്ടപ്പന: ഇടുക്കി കട്ടപ്പനയിലേത് ഇരട്ടക്കൊലപാതകമെന്ന് സമ്മതിച്ച് മോഷണക്കേസിലെ പ്രതി. മോഷണക്കേസുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായിരുന്ന കട്ടപ്പന പാറക്കടവിൽ താമസിക്കുന്ന എറണാകുളം ചോറ്റാനിക്കര പുത്തൻപുരക്കൽ നിതീഷിനെ (രാജേഷ്-31) കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. മൃതദേഹം കുഴിച്ചിട്ടിരിക്കുന്നെന്ന് പറയുന്ന കാക്കാട്ടുകടയിലെ വാടകവീട്ടിൽ ഞായറാഴ്ച കുഴിയെടുത്ത് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
മോഷണക്കേസിൽ നിതീഷിനൊപ്പം അറസ്റ്റിലായ കൂട്ടുപ്രതി കാഞ്ചിയാർ കാക്കാട്ടുകട നെല്ലിപള്ളിൽ വിഷ്ണു ഗുരുതര പരിക്കേറ്റ് കോട്ടയത്ത് ചികത്സയിലാണ്. വിഷ്ണുവിന്റെ പിതാവ് വിജയനെയും വിഷ്ണുവിന്റെ സഹോദരിയുടെ നവജാത ശിശുവിനെയും കൊലപ്പെടുത്തിയെന്നാണ് ചോദ്യം ചെയ്യലിൽ നിതീഷ് സമ്മതിച്ചത്. കഴിഞ്ഞ ഞായറാഴ്ച വർക്ക്ഷോപ്പിൽ മോഷണം നടത്തിയ കേസിലാണ് പ്രതികൾ പിടിയിലായത്. ഇവിടെ മോഷണത്തിനിടെ നാട്ടുകാർ ഓടിച്ചപ്പോൾ വീണാണ് വിഷ്ണുവിന് പരിക്കേറ്റത്.
രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് പറഞ്ഞു. പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി രണ്ടു കേസുകളിലും റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങിയതായും ഞായറാഴ്ച രാവിലെ എട്ടിന് കാക്കാട്ടുകടയിലെ വാടകവീട്ടിലെത്തിച്ച് തെളിവെടുക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു. വിഷ്ണുവിന്റെ സഹോദരിയിൽ നിതീഷിനുണ്ടായ കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഏകദേശം ആറുവർഷം മുമ്പാണ് കൊല നടന്നതായി സംശയിക്കുന്നത്. വിജയന്റെ കൊലപാതകം ആറുമാസം മുമ്പും. വിജയനുമായി നിതീഷിനുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് കാരണമായതായി സംശയിക്കുന്നത്.
പ്രതി നിതീഷ് ഇടക്കിടെ മൊഴി മാറ്റിപ്പറയുന്നത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ആദ്യം രണ്ട് കൊലപാതകങ്ങളും താനാണ് ചെയ്തതെന്ന് സമ്മതിച്ച നിതീഷ്, ഇടക്ക് താനല്ല വിഷ്ണുവാണ് വിജയനെ കൊന്നതെന്ന് മാറ്റിപ്പറഞ്ഞു. പൂജാരിയായ നിതീഷ്, വിഷ്ണുവിന്റെ സഹോദരിക്ക് രോഗശമനത്തിനുവേണ്ടി നടത്തിയ പൂജയിലൂടെയാണ് വിജയന്റെ കുടുംബവുമായി അടുപ്പത്തിലാകുന്നത്. ഈ അടുപ്പം പിന്നീട് ഇരുവരും തമ്മിലുള്ള സ്നേഹത്തിലേക്കും പിന്നീടുണ്ടായ കുട്ടിയുടെ കൊലപാതകത്തിലേക്കും നയിച്ചതായാണ് പ്രാഥമിക നിഗമനം.
ആഭിചാര ക്രിയകളെക്കുറിച്ചും അന്വേഷണം
കട്ടപ്പന: കട്ടപ്പനയിലെ ഇരട്ടക്കൊല ആഭിചാരക്രിയകളുടെ ഭാഗമായി നടന്ന കൊലപാതകമാണോയെന്ന് പൊലീസ് പരിശോധിക്കുന്നു. ഗന്ധർവന് സമർപ്പിക്കാനെന്നു പറഞ്ഞാണ് പൂജാരിയായ നിതീഷ്, വിഷ്ണുവിന്റെ സഹോദരിയിൽനിന്ന് കുഞ്ഞിനെ വാങ്ങിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചിട്ടതെന്നാണ് പറയുന്നത്. അന്ന് ഇവർ താമസിച്ചിരുന്ന കട്ടപ്പന സാഗര ജങ്ഷന്
സമീപമുള്ള വീട്ടിലാണ് മൃതദേഹം കുഴിച്ചിട്ടതായി പറയുന്നത്. വിജയനെ, വിഷ്ണു ഇപ്പോൾ വാടകക്ക് താമസിക്കുന്ന കാക്കാട്ടുകടയിലെ വീടിന്റെ മുറിക്കുള്ളിൽ തറ കുഴിച്ച് അതിനുള്ളിൽ കുഴിച്ചിട്ടതായാണ് പറഞ്ഞിരിക്കുന്നത്. ഈ വീട്ടിൽ ഞായറാഴ്ച രാവിലെ കുഴിയെടുത്ത് പരിശോധന നടത്തും. ജില്ല പൊലീസ് മേധാവി, ഡിവൈ.എസ്.പി, സി.ഐ, ജില്ല ഫോറൻസിക് വിദഗ്ധർ എന്നിവരും ആർ.ഡി.ഒ.യും സന്നിഹിതരാകും. കട്ടപ്പനയിലെ വർക്ക്ഷോപ്പിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വിഷ്ണുവും നിതീഷും അറസ്റ്റിലാകുന്നത്.