കണ്ണൂരിൽ രണ്ടിടങ്ങളിലായി വീട് കുത്തിത്തുറന്ന് വൻ കവർച്ച; സ്വർണവും പണവും നഷ്ടമായി

news image
Nov 8, 2022, 3:08 am GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂരിൽ രണ്ടിടങ്ങളിലായി വീട് കുത്തിതുറന്ന് വൻ കവർച്ച. കുപ്പത്ത് നടന്ന മോഷണത്തിൽ 14 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു. പരിയാരം ഇരിങ്ങലിൽ വീട് കുത്തിതുറന്ന്  13 പവൻ സ്വർണവും 20,000 രൂപയും കവർന്നു. ഇരു കേസുകളിലും പൊലീസ് അന്വേഷണം തുടങ്ങി.  ദേശീയപാതയിൽ കുപ്പത്തു നിന്നും മുക്കുന്ന് ഭാഗത്തേക്കുള്ള റോഡിലെ പടവിൽ മടപ്പുരക്കൽ കുഞ്ഞിക്കണ്ണന്റെ വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തു കടന്നാണ് മോഷണം നടത്തിയത്.

 

കഴിഞ്ഞ അഞ്ചിന് ബംഗളൂരുവിലുള്ള മകളുടെ വീട്ടിലേക്ക് പോയ കുഞ്ഞിക്കണ്ണനും കുടുംബവും തിങ്കളാഴ്ച്ച പുലർച്ചെ 5 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. മുൻ വശത്തെ വാതിൽ അൽപം തുറന്നു കിടക്കുന്ന നിലയിലായിരുന്നു. വാതിൽ തുറന്ന് അകത്ത് കടന്നു നോക്കിയപ്പോൾ കിടപ്പുമുറിയിലെ ഷെൽഫ് തുറന്ന് സാധനങ്ങളൊക്കെ വാരി വലിച്ചിട്ട നിലയിലയിരുന്നു. പരിശോധിച്ചപ്പോൾ ഷെൽഫിലുണ്ടായിരുന്ന മാലകളും വളകളും കമ്മലുകളും ഉൾപ്പെടെ 14 പവൻ സ്വർണവും 6000 രൂപയും മോഷണം പോയതായി മനസിലായി. പരിയാരം പൊലീസ് പരിധിയിൽ ഞായറാഴ്ച രാത്രി രണ്ട് മോഷണങ്ങളാണ് നടന്നത്.

ഇരിങ്ങലിലെ കീരന്റകത്ത് മുഹ്സിനയുടെ വീട്ടിലാണ് മറ്റൊരു കവർച്ച നടന്നത്. ഭർത്താവ് സക്കരിയ്യ ബംഗളൂരുവിൽ  കച്ചവട ആവശ്യത്തിന് പോയതിനാൽ വീട് പൂട്ടി ഇരിങ്ങൽ പളളിക്കു സമീപത്തെ സഹോദരന്റെ വീട്ടിലായിരുന്നു ഇവർ താമസിച്ചത്. തിങ്കളാഴ്ച്ച രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോൾ മുറിയിൽ സൂക്ഷിച്ച 13 പവൻ സ്വർണവും 20,000 രൂപയും നഷ്ടപ്പെട്ടതായി മനസിലായി. രണ്ട് സംഭവങ്ങൾക്ക് പിന്നിലും ഒരേ സംഘമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe