കണ്ണൂർ വി.സി നിയമനം; മുഖ്യമന്ത്രിക്കെതിരായ പരാതി വിജിലൻസ് കോടതി തള്ളി

news image
May 30, 2023, 1:44 pm GMT+0000 payyolionline.in

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പരാതി വിജിലൻസ് കോടതി തള്ളി. കണ്ണൂർ വി.സി നിയമനത്തിൽ ഗവർണറെ മുഖ്യമന്ത്രി സ്വാധീനിക്കാൻ ശ്രമിച്ച തായും, മുഖ്യമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത പരാതി കോടതി തള്ളി.

വിജിലൻസ് കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള പരാതി പരിഗണിക്കുന്നതിന് ഗവർണറുടെ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് ഹാജരാക്കേണ്ടതുകൊണ്ട് ജ്യോതി കുമാർ, മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ അപേക്ഷ നൽകിയിരുന്നെങ്കിലും ഗവർണർ അപേക്ഷയിന്മേൽ നടപടി സ്വീകരിക്കാത്ത കൊണ്ട് പരാതിക്കാരന് പ്രോസിക്യൂഷൻ അനുവാദം കോടതിയിൽ ഹാജരാക്കാൻ ആയില്ല.

തന്റെ കർമ മണ്ഡലമായ കണ്ണൂർ ജില്ലയിലെ സർവകശാലയുടെ വി.സിയായി ഡോ:ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായുള്ള ഗവർണറുടെ വെളിപ്പെടുത്തലും ഇത് സംബന്ധിച്ച് ഗവർണർ തന്നെ പുറത്തുവിട്ട മുഖ്യമന്ത്രിയുടെ കത്തുകളും പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞ ലംഘനവും സ്വജന പക്ഷപാതവും ആണെന്നും,മുഖ്യമന്ത്രിക്കെതിരെ പൊലീസ് കേസ് ചാർജ് ചെയ്ത് അന്വേഷണം നടത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.പരാതി നിയമപ്രകാരം നിലനിൽക്കുന്നതല്ലെന്നും വി.സി നിയമനത്തിൽ നിർദേശം

സമർപ്പിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ടെന്നും വി.സി നിയമനം ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ച് ശരിവെച്ചതാണെന്നും അതുകൊണ്ട് പരാതി തള്ളിക്കളയണമെന്നുമായിരുന്നു സർക്കാരിന്റെ വാദം.ഗോപിനാഥ് രവീന്ദ്രനെ വി.സി യായി നിയമിക്കുന്നത് കൊണ്ട് മുഖ്യമന്ത്രിക്ക് എന്ത് നേട്ടമാണ് ഉണ്ടാകുന്നതെന്ന് പരാതിക്കാരന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും നിയമനം ലഭിച്ച ഗോപിനാഥ് രവീന്ദ്രനെ കേസിൽ പരാതിക്കാരൻ കക്ഷിയാക്കിയിട്ടില്ലെന്നുമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ് തള്ളിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe