കത്വ ഫണ്ട് പിരിവ് തട്ടിപ്പ് കേസ്; പരാതി കള്ളമെന്ന് റിപ്പോർട്ട് നൽകിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

news image
Oct 20, 2023, 11:18 am GMT+0000 payyolionline.in

കോഴിക്കോട്: കത്വ ഫണ്ട് പിരിവിൽ യൂത്ത് ലീഗ് നേതാക്കൾ തട്ടിപ്പ് നടത്തിയെന്ന പരാതി കളളമെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ. കുന്ദമംഗലം ഇൻസ്പെക്ടർ യൂസഫ് നടത്തറമ്മലിനെയാണ് എഡിജിപി  അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.   ഇടത് സർക്കാരിന്‍റെ കാലത്ത് സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് സർവ്വീസിൽ തുടരാൻ കഴിയില്ലെന്നതിന്‍റെ ഉദാഹരണമാണ് പൊലീസിനെതിരെയുളള നടപടിയെന്ന് പി കെ ഫിറോസ് പ്രതികരിച്ചു.

യൂത്ത് ലീഗ് നടത്തിയ കത്വ ഫണ്ട് പിരിവിൽ ലക്ഷങ്ങളുടെ തിരിമറി നടന്നെന്ന യൂസഫ് പടനിലത്തിന്‍റെ പരാതി കളളവും രാഷ്ട്രീയ പ്രേരിതവും എന്നായിരുന്നു കേസന്വേഷിച്ച കുന്ദമംഗലം ഇൻസ്പെക്ടർ യൂസഫ് നടത്തറമ്മൽ നൽകിയ റിപ്പോർട്ട്. പരാതിക്ക് അടിസ്ഥാനമായ രേഖകളൊന്നും ഹാജരാക്കാൻ സാധിച്ചില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. സർക്കാരിന്  തിരിച്ചടിയായ ഈ അന്വേഷണ റിപ്പോർട്ടിന്‍റെ വിവരം പി കെ ഫിറോസ് പുറത്തുവിട്ടയുടനെ, പ്രത്യേക സംഘം അന്വേഷണം നടത്തി.

പരാതി അന്വേഷിച്ച ഇൻസ്പെക്ടർ ആവശ്യമായ വിവര ശേഖരണം നടത്തിയിട്ടില്ലെന്നും  കൃത്യമായ മൊഴിയെടുപ്പ് പോലും നടത്തിയിട്ടില്ലെന്നും കണ്ടെത്തി. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ക്രമസമാധാന ചുമതലയുളള എഡിജിപി എം ആർ അജിത്കുമാർ  കൃത്യവിലോപത്തിന്‍റെ പേരിൽ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തത്. തനിക്കെതിരെയുളള കേസ് കോടതി അവസാനിപ്പിച്ചതാണെന്നും ഇതിന്‍റെ തെളിവ് കയ്യിലുണ്ടെന്നും പി കെ ഫിറോസ് പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥൻ തന്റെ മൊഴിയെടുത്തിട്ടില്ലെങ്കിലും ഓഫീസ് സെക്രട്ടറിയിൽ നിന്നുൾപ്പെടെ വിവര ശേഖരണം നടത്തിയിട്ടുണ്ട്. സ്വകാര്യ അന്യായത്തിന്‍റെ ഭാഗമായി ഇതുവരെ ഒരു നോട്ടീസും കിട്ടിയിട്ടില്ലെന്നും പി കെ ഫിറോസ് പറഞ്ഞു.  കുന്ദമംഗം ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ സമർപ്പിച്ച പൊലീസ് റിപ്പോർട്ട് കോടതി തളളിക്കളഞ്ഞു. പരാതിക്കാരന്‍റെ സ്വകാര്യ അന്യായത്തിൻമേൽ തുടർനടപടികൾക്ക് തുടക്കമിട്ട കോടതി, ഫെബ്രുവരി 9 ന് കേസ് വീണ്ടും പരിഗണിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe