കസ്റ്റഡി മർദനം: പൊലീസ് നഷ്ടപരിഹാരം നൽകണമെന്ന് ഹൈകോടതി

news image
Mar 10, 2023, 2:44 pm GMT+0000 payyolionline.in

കൊച്ചി: യുവാവിനെ കസ്റ്റഡിയിൽ മർദിച്ച സംഭവത്തിൽ പൊലീസ്​ നഷ്ടപരിഹാരം നൽകണമെന്ന് ഹൈകോടതി. ഇതുസംബന്ധിച്ച മനുഷ്യാവകാശ കമീഷന്‍റെ സമാന ഉത്തരവ്​ രണ്ടുമാസത്തിനകം നടപ്പാക്കണമെന്ന്​ ചീഫ്​ ജസ്റ്റിസ്​ എസ്​. മണികുമാർ, ജസ്റ്റിസ്​ മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ വ്യക്തമാക്കി. ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയും ക്രിമിനൽ കേസും എടുക്കണമെന്ന കമീഷൻ നിർദേശം ഒരു മാസത്തിനകം നടപ്പാക്കുകയും വേണം.

2017ലെ ഹർത്താലിനിടെ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞെന്ന് ആരോപിച്ച്​ ഹരിപ്പാട്​ സി.ഐയുടെ നേതൃത്വത്തിൽ പിടികൂടിയ ആലപ്പുഴ സ്വദേശിയും സഹകരണ ബാങ്ക്​ ക്ലർക്കുമായ എസ്. അരുണിനെ കസ്റ്റഡിയിൽ മർദിച്ചെന്നാണ്​ ആരോപണം. മർദനത്തെത്തുടർന്ന് ഗുരുതര പരിക്കേറ്റ്​ അരുൺ ദിവസങ്ങളോളം ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിലടക്കം ചികിത്സയിൽ കഴിഞ്ഞു.

തുടർന്ന്,​ ഭാര്യ മനുഷ്യാവകാശ കമീഷനെ സമീപിക്കുകയായിരുന്നു. പൊലീസുകാരിൽനിന്ന്​ 35,000 രൂപ നഷ്ടപരിഹാരം ഈടാക്കി പരാതിക്കാരന് നൽകണമെന്നും അച്ചടക്ക നടപടികൾക്കുപുറമെ പൊലീസ്​ ആക്ട്​, ഇന്ത്യൻ ശിക്ഷാനിയമം തുടങ്ങിയവ പ്രകാരമുള്ള മറ്റ്​ നടപടികൾ സ്വീകരിക്കണമെന്നും കമീഷൻ 2017ൽ ഉത്തരവിട്ടിരുന്നു​.

നഷ്ടപരിഹാരത്തുക ആഭ്യന്തര സെക്രട്ടറി നൽകാനും ഉത്തരവാദികളായ പൊലീസുകാരിൽനിന്ന്​ ഈടാക്കാനുമായിരുന്നു നിർദേശം. ഈ ഉത്തരവ് നടപ്പാക്കിയില്ലെന്ന് കാട്ടി ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചു. നഷ്ടപരിഹാരം നൽകണമെന്ന നിർദേശം റദ്ദാക്കാൻ പൊലീസ് ഉദ്യോഗസ്ഥരും ഹരജി നൽകി. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കമീഷൻ ഉത്തരവെന്നായിരുന്നു ഹരജി.

സർക്കാറിനും ബന്ധപ്പെട്ടവർക്കും ശിപാർശ നൽകാനല്ലാതെ നടപ്പാക്കാൻ ബാധ്യസ്ഥമായ അന്തിമ രൂപത്തിലുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാൻ മനുഷ്യാവകാശ കമീഷന്​ അധികാരമില്ലെന്നായിരുന്നു പൊലീസ്​ ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ, നഷ്ടപരിഹാരം നൽകാൻ നിർദേശിച്ച്​ മനുഷ്യാവകാശ കമീഷൻ ഉത്തരവിടുന്നത്​ അത്​ നടപ്പാക്കണമെന്ന ഉദ്ദേശ്യത്തോടെയാണെന്ന്​ കോടതിവിധികൾ ഉദ്ധരിച്ച്​ ഡിവിഷൻ ബെഞ്ച്​ വ്യക്തമാക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe