കാപ്പാട് കടലാക്രമണത്തിന് അടിയന്തിര പരിഹാരം; 20 ലക്ഷം രൂപ അനുവദിച്ചു

news image
Jul 27, 2025, 3:51 pm GMT+0000 payyolionline.in

 

കാപ്പാട്: കാപ്പാട് ബ്ലൂഫ്ലാഗ് ബീച്ചിനടുത്തുള്ള ഭാഗം ശക്തമായ കടലാക്രമണത്തെ തുടർന്ന് കടലെടുത്തു കൊണ്ടിരിക്കുകയാണ് . കാപ്പാട് ബീച്ചിലേക്കള്ള പ്രധാന പാതയായ തിരുവങ്ങൂർ – കാപ്പാട് റോഡിലാണ് കടലാക്രമണം ശക്തമായത്. കേരളത്തിൽ രൂക്ഷമായ കടലാക്രമണം നേരിടുന്ന തീരങ്ങളെ പത്ത് ഹോട്ട് സ്പോട്ടുകളാക്കി തിരിച്ചതിൽ ഒന്നാണ് കാപ്പാട് . ഇവിടെ തീരസംരക്ഷണം ഉറപ്പ് വരുത്തുന്നതിന് പഠനം നടത്തുന്നതിനായി നാഷണൽ സെൻ്റർ ഫോർ കോസ്റ്റൽ റിസർച്ച് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയിരുന്നു . ഇവർ തയ്യാറാക്കിയ ഡിസൈൻ പ്രകാരമുള്ള എസ്റ്റിമേറ്റ് ഇപ്പോൾ സർക്കാരിൻ്റെ പരിഗണനയിലാണ് . 80കോടിയോളം വേണ്ടി വരുന്ന പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കാനായിരുന്നു സർക്കാർ ആലോചിച്ചത് .

എന്നാൽ കിഫ്ബിയിൽ നിന്നുള്ള ഫണ്ടും കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറിൻ്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയത് കാരണം പദ്ധതി പ്രതിസന്ധിയിലാണ് . തുടർന്ന് എം.എൽ എ കാനത്തിൽ ജമീല ഇടപെട്ട് സീ വാൾ റീ ഫോർമേഷൻ വർക്കിനായി ബജറ്റിൽ 6 കോടി രൂപ വകയിരുത്തിയത് ടെണ്ടർ നടപടികളിലാണ് . ഇതിനിടയിലാണ് ബ്ലൂ ഫ്ലാഗ് ബീച്ചിന് തെക്ക് ഭാഗം കടലെടുക്കുന്നത് . ഇതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് എം എൽ എ കലക്ടർക്ക് നിർദ്ദേശം നൽകിയതിനെ തുടർന്ന് അടിയന്തിര പ്രശ്നപരിഹാരത്തിനായി 20 ലക്ഷം രൂപ അനുവദിച്ചു. പ്രവൃത്തി നടപ്പിലാക്കുന്നതിന് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയെ ചുമതലപ്പെടുത്തി. ഇന്ന് തന്നെ പ്രവൃത്തി ആരംഭിക്കാനാവുമെന്ന് യുഎൽ സി സി എസിൻ്റെ പ്രതിനിധികൾ അറിയിച്ചു. എൽ എ കാനത്തിൽ ജമീലയുടെ അഭാവത്തിൽ കുറ്റ്യാടി എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ സ്ഥലം സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, ജില്ലാപഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ് തുടങ്ങിയ ജനപ്രതിനിധികളും ഒപ്പമുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe