കൊയിലാണ്ടി: കഴിഞ്ഞമാസം പത്തൊമ്പതാം തീയതി കാപ്പാട് നായയുടെ കടിയേറ്റ് ചത്ത കുതിരയുടെ പോസ്റ്റ് മോർട്ടത്തിൽ കുതിരയ്ക്ക് പേ വിഷബാധ ഏറ്റതായി റിപ്പോർട്ടിൽ പറയുന്നു. വയനാട് പൂക്കോട്ട് വെറ്റിനറി കോളേജിൽ പാത്തോളജി വിഭാഗത്തിൽ നിന്നാണ് റിപ്പോർട്ട് വന്നത്. കഴിഞ്ഞ മാസം 19 -നാണ് പേബാധയുള്ള നായ കുതിരയേയും പ്രദേശത്തെ വളർത്തുമൃഗങ്ങളേയും കടിച്ചത്.
തുടർന്ന് കടിയേറ്റ കുതിരയടക്കമുള്ള മൃഗങ്ങൾക്ക് അഞ്ച് തവണ വാക്സിനേഷൻ നല്കിയിരുന്നു. എന്നാൽ ഈ മാസം 4 ന് കുതിരയ്ക്ക് അവശത അനുഭവപ്പെടുകയും ഞായറാഴ്ച പുലർച്ചെ കുതിര ചത്തു. ഇതിനിടെ കടിയേറ്റ കുതിരയെ ഉപയോഗിച്ച് ഓണക്കാലത്ത് സവാരി നടത്തിയിരുന്നു. പേവിഷബാധ ഏറ്റതിനാൽ കുതിരയുമായി നേരിട്ട് സമ്പർക്കം നടത്തിയവർ കൃത്യമായി വാക്സിനേഷൻ എടുക്കണം എന്ന് അധികൃതർ അറിയിച്ചു.