കൊയിലാണ്ടി: വിനോദസഞ്ചാരികളുടെ ഇഷ്ട ബീച്ചായ പ്രസിദ്ധമായ കാപ്പാട് ബീച്ചിന് എഫ് ഇ ഇ (ഫൗണ്ടേഷൻ ഫോർ എൻവിറോമെന്റൽ എഡ്യൂക്കേഷൻ) ഡെന്മാർക്കിന്റെ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ വീണ്ടും ലഭിച്ചു. പഞ്ചാര മണൽ നിറഞ്ഞ തീരപ്രദേശം, പാറ കെട്ടുകളാൽ സമൃദ്ധമായ തുവ്വ പാറയും സഞ്ചാരികളെ ആകർഷിക്കുന്നു. സംസ്ഥാനത്ത് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിക്കുന്ന ആദ്യത്തെ ബീച്ച് ആണ് കോഴിക്കോട് കൊയിലാണ്ടിയിലെ കാപ്പാട്.
ഈ അംഗീകാരം പാരിസ്ഥിതിക സുസ്ഥിരതയോടും ഗുണനിലവാര മാനദണ്ഡങ്ങളോടുള്ള പ്രതിബദ്ധതയെയാണ് കാണിക്കുന്നത്. കാപ്പാടിന്റെ പരിസ്ഥിതി സൗഹൃദ സമീപനം, സൗരോർജ്ജത്തിന്റെ വിനിയോഗം, കാര്യക്ഷമമായ മാലിന്യ സംസ്കരണ രീതികൾ, പ്രാദേശിക ജൈവവൈവിധ്യം സംരക്ഷണം തുടങ്ങിയ വിവിധ സംരംഭങ്ങൾ കണക്കിലെടുത്തു കൊണ്ടാണ് കാപ്പാട് ഇത്തവണയും ബ്ലൂ ഫ്ലാഗ് ലിസ്റ്റിൽ കയറിയത്. ‘ലോകത്തിലെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങളിലൊന്ന്’ എന്ന കാപ്പാടിന്റെ പദവിയെയാണ് ബ്ലൂ ഫ്ലാഗ് അംഗീകാരം സൂചിപ്പിക്കുന്നത്.