കൊച്ചി: കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്കി.
ആദ്യ സത്യവാങ്മൂലത്തേക്കാള്‍ സമഗ്രമായ സത്യവാങ്മൂലമാണ് കാലടി സര്‍വകലാശാല ഹൈക്കോടതിയില്‍ ഇന്നലെ ഫയല്‍ ചെയ്തതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതിനുള്ള വിദ്യാര്‍ഥികളുടെ മറുപടി കൂടി പരിഗണിക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിലാണ് മറുപടി സത്യവാങ്മൂലം നല്കാന് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ന് വിശദമായ വാദം കേള്‍ക്കാമെന്നാണ് കോടതി പറഞ്ഞിരുന്നതെങ്കിലും കാലടി സര്‍വകലാശാലയുടെ സത്യവാങ്മൂലം കൂടി കണ്ട സാഹചര്യത്തിലാണ് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചിന്റേതാണ് നിര്‍ദേശം.
മാപ്പ് എഴുതി നല്കിയാല് വിദ്യാര്‍ഥികള്‍ക്ക് തിരികെ കയറാമെന്നും പരീക്ഷ എഴുതാമെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സര്‍വകലാശാല ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നാല് വിദ്യാര്‍ഥികള്‍ സസ്പെന്ഷന് കാലാവധിക്കുള്ളില്‍ തിരികെ പ്രവേശിച്ചതിനാല്‍ സസ്പെന്ഷന് നീട്ടി എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും സര്‍വകലാശാല വിശദീകരിച്ചിട്ടുണ്ട്. മാപ്പെഴുതി നല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ഥികള്‍.
മുമ്പ് ഹര്‍ജി പരിഗണിക്കവേ വിസിയോട് മൂര്‍ച്ചയേറിയ ചോദ്യങ്ങളാണ് കോടതി ചോദിച്ചത്. വിദ്യാര്‍ഥികള്‍ നടപടി നേരിട്ട് 60 ദിവസം കഴിഞ്ഞുവെന്നും ഇനിയും അരിശം തീര്‍ന്നില്ലേയെന്നും വിസിയോട് കോടതി ചോദിച്ചു. കുഞ്ചന്‍ നമ്പ്യാരുടെ കവിത ഉദ്ധരിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി പരാമര്‍ശം.
