കൊല്ലം: കരിക്കോട് ടി കെ എം കോളജിനടുത്ത് റോഡിൽ കാർ കയറിയിറങ്ങി പരിക്കേറ്റ മൂർഖൻ പാമ്പിനെ ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ ശസ്ത്രക്രിയ നടത്തി. പരിക്കേറ്റെങ്കിലും ശൗര്യത്തോടെ നിന്ന മൂർഖനെ നാട്ടുകാർക്ക് എടുത്തു മാറ്റാനായില്ല. ഒടുവിൽ സ്പെഷ്യൽ പ്രൊട്ടക്ഷൻ യൂണിറ്റിനെ വിവരം അറിയിക്കുകയായിരുന്നു. അസിസ്റ്റന്‍റ് കൺസർവേറ്റർ അൻവറിനെ നേതൃത്വത്തിൽ വനപാല സംഘം എത്തി മൂർഖനെ പ്രത്യേക കൂട്ടിനുള്ളിലാക്കി. കുടൽമാല പുറത്തുവന്ന നിലയിലാണ് മുർഖനെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ചത്.
ശസ്ത്രക്രിയ വിഭാഗത്തിലേക്ക് മാറ്റിയ മൂർഖന് അനസ്തേഷ്യ നൽകി. രക്തസ്രാവം നിൽക്കാനുള്ള മരുന്നുകളും നൽകി. ഒരുമണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ കുടൽമാല ഉള്ളിലാക്കി മുറിവുകൾ തുന്നി കെട്ടി. ആന്‍റിബയോട്ടിക്കുകളും നൽകി. ഇനി അഞ്ചു ദിവസത്തെ മരുന്നുകളുടെ തുടർചികിത്സ കൂടി വേണം.
ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി ഷൈൻ കുമാറിന്‍റെ നേതൃത്വത്തിൽ ഡോ സജയ് കുമാർ , ഡോ. എസ് കിരൺ ബാബു അജിത് മുരളി എന്നിവർ ശാസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. മുറിവ് ഉണങ്ങുമ്പോൾ മൂർഖനെ കുളത്തുപ്പുഴ വനമേഖലയിലേക്ക് തുറന്നു വിടുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.