കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റിയിൽ ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് 15-ഓളം തേക്ക് മരങ്ങൾ അജ്ഞാതർ മുറിച്ചു കടത്തി. കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ പരിസരത്ത് സാമൂഹിക വനവൽക്കരണ പദ്ധതിയുടെ ഭാഗമായി മണ്ണൊലിപ്പ് തടയാൻ നട്ടുപിടിപ്പിച്ച 20 വർഷത്തിലേറെ പഴക്കമുള്ള മരങ്ങളാണ് നഷ്ടപ്പെട്ടത്.
മുണ്ടക്കുറ്റി-പശുക്കടവ് റോഡിൽനിന്ന് 50 മീറ്റർ മാറിയുള്ള കനാൽ പരിസരത്തേക്ക് നിലവിൽ മണ്ണിട്ട റോഡ് മാത്രമാണുള്ളത്. രാത്രിയുടെ മറവിലാണ് മോഷ്ടാക്കൾ മരങ്ങൾ മുറിച്ചു കടത്തിയത്. ജലസേചന വകുപ്പ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൊട്ടിൽപാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
