കുറ്റ്യാടി ചുരത്തിൽ ചിന്നംവിളിച്ച് കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന, യാത്രികർ രക്ഷപ്പെട്ടത് തലനാരിഴക്ക്

news image
Mar 18, 2025, 5:33 am GMT+0000 payyolionline.in

മാനന്തവാടി: കുറ്റ്യാടി ചുരത്തില്‍ കാര്‍ യാത്രക്കാരെ കാട്ടാന ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കാറിലുണ്ടായിരുന്നവര്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വയനാട് ജില്ലയില്‍ ചുരം തുടങ്ങുന്നതിനടുത്ത് വെച്ചാണ് കാട്ടാന കാറിന് നേരെ ഓടിവന്നത്. ചിന്നംവിളിച്ച് കാറില്‍ ഇടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ നിന്ന് മനസിലാക്കാം. എന്നാല്‍ കൂടുതല്‍ ആക്രമണത്തിന് മുതിരാതെ ആന സ്വയം പിന്തിരിഞ്ഞ് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. വയനാട് വാളാട് പുത്തൂര്‍ വള്ളിയില്‍ വീട്ടില്‍ റിയാസ് ആണ് കാറോടിച്ചിരുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ബന്ധുവിനെ കൂട്ടാനായി പോയതായിരുന്നു. റിയാസ് തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. റോഡില്‍ ആനയെ കണ്ടപ്പോള്‍ അരിക് ചേര്‍ത്ത് കാര്‍ നിര്‍ത്തിയെന്നും ഇത് കണ്ടതോടെ അത് പാഞ്ഞ് വാഹനത്തിന് നേരെ വരികയുമായിരുന്നുവെന്ന് റിയാസ് പറഞ്ഞു.

ബന്ധുക്കള്‍ സഞ്ചരിച്ച മറ്റൊരു വാഹനം പിറകിലായി ഉണ്ടായിരുന്നെങ്കിലും കുറച്ച് ദൂരത്തിലായിരുന്നുവെന്നും റിയാസ് പറഞ്ഞു. വാഹനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായും യുവാവ് അറിയിച്ചു. സ്ഥിരമായി വന്യമൃഗശല്യം റിപ്പോര്‍ട്ട് ചെയ്യാത്ത മേഖല കൂടിയാണ് കുറ്റ്യാടി ചുരത്തിന്റെ വയനാട് ഭാഗങ്ങള്‍. രാത്രിയിലെത്തിയ ആനയായിരിക്കാം ഇപ്പോള്‍ യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നാണ് നിഗമനം. ഏതായാലും ആന കാറിന് നേരെ പാഞ്ഞടുക്കുന്ന ദൃശ്യം ഭീതിജനകമാണ്. ഇതിനോടകം തന്നെ വീഡിയോ ക്ലിപ് വൈറലായിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe