കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി; ഇന്ത്യ–യുകെ ബന്ധം ശക്തമാക്കാൻ സഹകരിച്ച് പ്രവർത്തിക്കാമെന്നും പ്രധാനമന്ത്രി

news image
Jul 5, 2024, 3:46 pm GMT+0000 payyolionline.in

ലണ്ടൻ : ബ്രിട്ടനിലെ ലേബർ പാർട്ടിയുടെ വിജയം ഇന്ത്യ–യുകെ ബന്ധത്തിൽ വലിയ ചലനങ്ങൾക്കു കാരണമായേക്കില്ല. ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുന്നതിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കെയ്ർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തുതന്നെ വ്യക്തമാക്കിയിരുന്നു. സാങ്കേതികവിദ്യ, കാലാവസ്ഥാമാറ്റം, വിദ്യാഭ്യാസം, സൈബർ സുരക്ഷ എന്നീ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം െമച്ചപ്പെടുത്തുമെന്ന് സ്റ്റാർമർ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

2022ൽ സുനക് സർക്കാരിന്റെ കാലത്ത് മുന്നോട്ടുവയ്ക്കപ്പെട്ട ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാരക്കരാറിന്റെ (എഫ്ടിഎ) ഭാവി എന്താകുമെന്നതായിരുന്നു ബ്രിട്ടനിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ ഇന്ത്യയ്ക്കുള്ള ആശങ്ക. എന്നാൽ കരാർ യാഥാർഥ്യമാക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ചർച്ച തുടരുമെന്നും ലേബർ പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്ര വ്യാപാരക്കരാറിൽ അന്തിമ തീരുമാനമെടുക്കുമെന്നും ഇന്ത്യയുമായി സാങ്കേതികവിദ്യ, പ്രതിരോധ മേഖലകളിൽ തന്ത്രപ്രധാന പങ്കാളിത്തം തുടരുമെന്നുമാണ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ലേബർ പാർട്ടി അവകാശപ്പെട്ടിട്ടുള്ളത്.

ഇതുവരെ എഫ്ടിഎ സംബന്ധിച്ച് 13 വട്ടമാണ് ഇന്ത്യയും ബ്രിട്ടനും ചർച്ച നടത്തിയത്. അതേസമയം ഇന്ത്യയിൽനിന്നുള്ള വിദഗ്ധ പ്രഫഷനലുകൾക്ക് ബ്രിട്ടനിൽ കൂടുതൽ അവസരം, സേവന മേഖലയിലെ തൊഴിലാളികൾക്ക് താൽക്കാലിക വീസ തുടങ്ങിയ ഇന്ത്യയുടെ ആവശ്യങ്ങൾ ലേബർ പാർട്ടി എങ്ങനെ സ്വീകരിക്കും എന്നതിൽ സംശയം നിലനിൽക്കുന്നു. കുടിയേറ്റം നിയന്ത്രിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലേറിയ ലേബർ പാർട്ടി ഇക്കാര്യത്തിൽ അനുകൂല തീരുമാനമെടുക്കുമോയെന്നതിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ രംഗത്തെ സഹകരണത്തിലും കാര്യമായ മാറ്റങ്ങളുണ്ടാകില്ല. സ്വതന്ത്രവും തുറന്നതുമായ ഇന്ത്യ–പസിഫിക് മേഖലയ്ക്കായി ഇന്ത്യയ്ക്കൊപ്പം ചേർന്നു പ്രവർത്തിക്കാനാണ് ലേബർ പാർട്ടി ലക്ഷ്യമിടുന്നതെന്നാണ് സ്റ്റാർമർ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയാകുമെന്ന് കരുതുന്ന ഡേവിഡ് ലാമ്മി പറയുന്നത്.

അതേസമയം, കശ്മീർ വിഷയത്തിൽ ലേബർ പാർട്ടി പുലർത്തിപ്പോന്ന നിലപാട് സ്റ്റാർമർ സർക്കാരും തുടരുമോയെന്നത് ഇന്ത്യയെ സംബന്ധിച്ച് നിർണായകമാകും. 2019 ൽ ജെറമി കോർബിൻ ലേബർ പാർട്ടി അധ്യക്ഷനായിരിക്കുമ്പോൾ കശ്മീരിൽ ഹിതപരിശോധന നടത്തണമെന്നും രാജ്യാന്തര നിരീക്ഷകർ കശ്മീർ സന്ദർശിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. വോട്ട് ബാങ്ക് താൽപര്യം മുൻനിർത്തിയുള്ള നടപടിയെന്നു വിളിച്ച് ഇന്ത്യ പ്രമേയത്തെ തള്ളിക്കളയുകയാണുണ്ടായത്. എന്നാൽ ഇന്ത്യൻ സമൂഹവുമായുള്ള കൂടിക്കാഴ്ചകളിലെല്ലാം കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നും അത് ഇന്ത്യയും പാക്കിസ്ഥാനും ചർച്ചചെയ്ത് പരിഹരിക്കേണ്ടതെന്നുമാണ് സ്റ്റാർമർ നിലപാടെടുത്തിട്ടുള്ളത്.

∙ അഭിനന്ദിച്ച് മോദി

ന്യൂഡൽഹി∙ ബ്രിട്ടിഷ് പൊതുതിരഞ്ഞെടുപ്പില്‍ വൻ വിജയം നേടിയ ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ–യുകെ ബന്ധം ശക്തമാക്കാൻ സഹകരിച്ച് പ്രവർത്തിക്കാമെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ പ്രധാനമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കൺസർവേറ്റീവ് പാർട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ ഋഷി സുനകിന് നന്ദി അറിയിച്ചുള്ള സന്ദേശവും മോദി എക്സിൽ പങ്കുവച്ചു. ബ്രിട്ടനെ മികച്ച രീതിയിൽ നയിച്ചതിനും ഇന്ത്യയുമായുള്ള സഹകരണത്തിന് നൽകിയ സംഭാവനയ്ക്കും നന്ദിയെന്നും ഭാവിയ്ക്കും കുടുംബത്തിനും ആശംസകളെന്നും മോദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe