കെ.എസ്.ആര്‍.ടി.സി പുതുതായി വാങ്ങുന്നവയില്‍ 25 ശതമാനം വൈദ്യുത ബസുകളെന്ന് ആന്റണി രാജു

news image
Sep 14, 2022, 1:28 pm GMT+0000 payyolionline.in

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പുതുതായി വാങ്ങുന്നവയില്‍ 25 ശതമാനം വൈദ്യുത ബസുകളെന്ന് മന്ത്രി ആന്റണി രാജു. തിരുവനന്തപുരം ജില്ലയില്‍ കെ.എസ്.ഇ.ബി സ്ഥാപിച്ച 145 ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുത വാഹനങ്ങളുടെ പ്രചാരം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ കെ.എസ്.ആര്‍.ടി.സിയും വൈദ്യുത രംഗത്തേക്ക് നീങ്ങുകയാണ്. പുതിയ ബസുകള്‍ വാങ്ങാന്‍ കിഫ്ബി വഴി 756 കോടി രൂപ സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കും. ഇതില്‍ 25 ശതമാനം തുക വൈദ്യുത ബസുകള്‍ വങ്ങാനാണ്.

വിവിധ സ്ഥലങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഗതാഗത വകുപ്പ് കെ.എസ്.ഇ.ബിക്ക് എട്ട് കോടി രൂപ നല്‍കി. ചാര്‍ജിംഗ് സ്റ്റേഷനുകളുടെ കുറവ്, ഒറ്റ് ചാര്‍ജ്ജില്‍ സഞ്ചരിക്കാവുന്ന ദൂരത്തിലെ കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ ജനങ്ങള്‍ വളരെ വേഗം വൈദ്യുത വാഹനങ്ങളിലേക്ക് ആകൃഷ്ടരാകും. ഓട്ടോറിക്ഷകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ചാര്‍ജ്ജ് ചെയ്യാന്‍ ഉതകുംവിധം 1165 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സെന്ററുകളുടെ നിര്‍മാണം പുരോഗമിച്ചു വരികയാണ്. ഈ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ 141 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സെന്ററുകളാണ് സ്ഥാപിക്കുന്നത്.

പട്ടം വൈദ്യുതി ഭവനിലെ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ നാടമുറിച്ച് മന്ത്രി ഉദ്ഘാടനം ചെയതു. തുടര്‍ന്ന് മിനി സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷനായി. ഓരോ മണ്ഡലത്തിലും കുറഞ്ഞത് 15 ചാര്‍ജിംഗ് സ്റ്റേഷനുകളെങ്കിലും സ്ഥാപിക്കപ്പെട്ടുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

ജി. സ്റ്റീഫന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍ അനില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe