കെ.എസ്.യു പ്രവർത്തകരെ ജയിലിലടച്ചത് ഗൂഢാലോചന; 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണം: ടി.ഒ. മോഹനൻ

news image
Apr 29, 2026, 10:23 am GMT+0000 payyolionline.in

കണ്ണൂർ: മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമക്കുറ്റം ചുമത്തി ജയിലിലടച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കണ്ണൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ടി.ഒ. മോഹനൻ. അന്യായമായി തടങ്കലിൽ കഴിഞ്ഞ പ്രവർത്തകർക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രി വീണാ ജോർജും സ്പീക്കർ എ.എൻ. ഷംസീറും ചേർന്നാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചതെന്ന് ടി.ഒ. മോഹനൻ ആരോപിച്ചു. “15 ദിവസമാണ് നിരപരാധികളായ യുവാക്കൾ ജയിലിൽ കിടന്നത്. ഉന്തിലും തള്ളിലുമാണ് തനിക്ക് പരിക്കേറ്റതെന്ന് രണ്ട് മാസം കഴിഞ്ഞ് വെളിപ്പെടുത്തിയ മന്ത്രി, എന്തുകൊണ്ടാണ് അന്ന് അത് പറയാതിരുന്നത്? നിയമത്തെ ദുർവ്യാഖ്യാനം ചെയ്ത് യുവജനങ്ങളെ ക്രൂരമായി വേട്ടയാടുകയാണ് സർക്കാർ ചെയ്തത്,” അദ്ദേഹം പറഞ്ഞു. നിയമപാലകർ നീതി പാലിക്കുന്നില്ലെന്നും സ്പീക്കർ ഇപ്പോഴും പഴയ ഡി.വൈ.എഫ്.ഐക്കാരനെപ്പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം വിമർശിച്ചു.
സ്ത്രീ-പുരുഷ അനുപാതം നോക്കി സമരം ചെയ്യാൻ സ്പീക്കർ കെ.എസ്.യുവിന് ക്ലാസ് എടുക്കേണ്ടതില്ലെന്ന് ചടങ്ങിൽ സംസാരിച്ച കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് മറുപടി നൽകി. അന്യായമായ കേസിനെതിരെ നിയമപരമായ പോരാട്ടം തുടരുമെന്നും മെയ് 4-ലെ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ജനങ്ങൾ ഇതിന് മറുപടി നൽകുമെന്നും നേതാക്കൾ വ്യക്തമാക്കി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe