തിരുവനന്തപുരം: കെ-ടെറ്റ് (K-TET) യോഗ്യതയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. എയ്ഡഡ് സ്കൂളുകളിൽ 2025 സെപ്റ്റംബർ ഒന്നിനോ അതിനുശേഷമോ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമിക്കപ്പെട്ട അധ്യാപകരെ ജോലിയിൽ നിന്ന് പുറത്താക്കാനും, യോഗ്യതയില്ലാതെ പ്രൊമോഷൻ ലഭിച്ചവരെ കാലതാമസമില്ലാതെ മാതൃ തസ്തികയിലേക്ക് റിവേർട്ട് ചെയ്യാനും നിർദേശമുണ്ട്. സുപ്രീംകോടതിയുടെ കർശന നിർദേശപ്രകാരമാണ് ഉത്തരവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
2025 ഒക്ടോബർ 29 മുതൽ കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർക്ക് പുതിയ നിയമനാംഗീകാരമോ സ്ഥാനക്കയറ്റമോ നൽകില്ല. മാതൃ തസ്തികയ്ക്ക് ആവശ്യമായ ടെറ്റ് യോഗ്യത നേടിയവർക്ക് മാത്രമേ ഇനി സ്ഥാനക്കയറ്റം അനുവദിക്കുകയുള്ളൂ. സ്കൂൾ മാനേജർമാർ ഈ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പുവരുത്തണം. വകുപ്പിന്റെ ഈ തീരുമാനം ആയിരത്തോളം അധ്യാപകരെ ബാധിക്കുമെന്ന് ഇടത് അധ്യാപക സംഘടനകൾ വ്യക്തമാക്കി.
